വിദേശ പര്യടത്തിനുള്ള സർവകക്ഷി സംഘത്തിലേക്ക് തന്നെ ക്ഷണിച്ചത് കേന്ദ്രസർക്കാരാണെന്നും അതിൽ അഭിമാനമുണ്ടെന്നും കോൺഗ്രസ് നേതാവ് ശശിതരൂർ. രാഷ്‌ട്രമുണ്ടെങ്കിലേ രാഷ്‌ട്രീയമുള്ളു. രാജ്യത്തിനൊപ്പം നിൽക്കുമെന്നും കോൺഗ്രസ് നിലപാട് തള്ളി തരൂർ വ്യക്തമാക്കി. തന്റെ കഴിവിനെ കുറിച്ചോ കഴിവില്ലായ്മയെക്കുറിച്ചോ വ്യക്തിപരമായ അഭിപ്രായം നേതൃത്വത്തിന് ഉണ്ടാകാം.
അത് അവരോട് ചോദിച്ചാൽ മതി. ഇത് സർക്കാരിന്റെ പരിപാടിയാണ്. അപ്പോൾ സർക്കാരിന്റെ അഭിപ്രായം ഒരുപക്ഷേ വേറെയായിരിക്കാമെന്നും തരൂർ പറഞ്ഞു. ഓപ്പറേഷൻ സിന്ദൂറിന്റെ പശ്ചാത്തലത്തിൽ ഭീകരവാദത്തിനെതിരായ രാജ്യത്തിന്റെ നിലപാടും പാകിസ്താന്റെ പങ്കും ലോകരാജ്യങ്ങൾക്ക് മുന്നിൽ വ്യക്തമാക്കുകയാണ് സർവകക്ഷിസംഘത്തിന്റെ വിദേശ പര്യടനം കൊണ്ട് ലക്ഷ്യമിടുന്നത്.
കേന്ദ്ര സർക്കാർ വിദേശപര്യടനത്തിനായി നിയോഗിച്ച ഏഴ് സംഘങ്ങളിൽ ഒന്നിനെ നയിക്കുന്നത് ശശി തരൂരാണ്. അതേസമയം കോൺഗ്രസ് നേതൃത്വം കേന്ദ്ര സർക്കാരിന് നൽകിയ പട്ടികയിൽ നിന്ന് ശശി തരൂരിനെ മനഃപൂർവ്വം ഒഴിവാക്കിയിരുന്നു. സർവകക്ഷിസംഘത്തെ തിരഞ്ഞെടുത്തതിൽ കേന്ദ്രസർക്കാർ രാഷ്‌ട്രീയം കളിക്കുന്നെന്നാണ് ഇതുസംബന്ധിച്ച് കോൺഗ്രസ് വക്താവ് ജയറാം രമേശ് ആരോപിച്ചത്.അതേസമയം രാഹുൽ ഗാന്ധി നൽകിയ പട്ടികയിൽ മുൻ കേന്ദ്രമന്ത്രി ആനന്ദ് ശർമ്മ, എംപിമാരായ ഗൗരവ് ഗോഗോയ്, നാസിർ ഹുസൈൻ, രാജ്ബ്രാർ എന്നിവരെയാണ് നിർദ്ദേശിച്ചിരുന്നത്. പാക് അനുകൂലികളെയാണ് കോൺഗ്രസ് പട്ടികയിലുൾപ്പെടുത്തിയതെന്നാണ് ബിജെപി വിമർശിച്ചു.