ധാക്ക: ഷെയ്ഖ് ഹസീനയായി വേഷമിട്ട നടിയെ ബംഗ്ലാദേശിൽ അറസ്റ്റ് ചെയ്തു. ബംഗ്ലാദേശിലെ പ്രമുഖ നടി നുസ്രത് ഫരിയ ആണ് വധശ്രമക്കേസില്‍ അറസ്റ്റിലായത്. കഴിഞ്ഞ വർഷം ജൂലൈയിൽ നടന്ന കലാപത്തിനിടെ ബംഗ്ലാദേശ് തലസ്ഥാനത്തെ വതാര പ്രദേശത്ത് ഒരു വിദ്യാർത്ഥിയെ കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നാരോപിച്ച് നുസ്രത്ത് ഫാരിയ ഉൾപ്പെടെ 17 അഭിനേതാക്കൾക്കെതിരെ കേസെടുത്തിരുന്നു.അവാമി ലീഗിനെ സാമ്പത്തികമായി സഹായിച്ചതിനും വിവേചന വിരുദ്ധ വിദ്യാർത്ഥി പ്രസ്ഥാനത്തിനെതിരെ നിലപാട് സ്വീകരിച്ചതിനും നുസ്രത്ത് ഫാരിയയ്‌ക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ടെന്ന് ബംഗ്ലാ മാധ്യമങ്ങൾ പറയുന്നു.
ബംഗ്ലാദേശ് വിമോചന സമര നായകന്‍ ബംഗബന്ധു ഷെയ്ഖ് മുജിബുര്‍ റഹ്‌മാനെ പറ്റിയുള്ള ജീവചരിത്ര സിനിമയിലാണ് നുസ്രത് ഫരിയ ഷെയ്ഖ് ഹസീനയായി വേഷമിട്ടത്.
തായ്‌ലന്‍ഡിലേക്ക് പോകാനായി ധാക്കയിലെ ഹസ്രത്ത് ഷാജലാൽ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് ഇവര്‍ അറസ്റ്റിലായത്. 31 കാരിയായ നടി നിലവില്‍ ധാക്ക മെട്രോപൊളിറ്റന്‍ പോലീസിന്റെ ഡിറ്റക്ടീവ് ബ്രാഞ്ചിന്റെ കസ്റ്റഡിയിലാണ്.
2023ല്‍ ഷെയ്ഖ് മുജിബുര്‍ റഹ്‌മാന്റെ ജീവിതം ആസ്പദമാക്കി നിര്‍മിച്ച ‘ മുജിബ്; ദി മേക്കിങ് ഓഫ് എ നേഷന്‍’ എന്ന സിനിമയിലാണ് നുസ്രാത് ഫരിയ ഷെയ്ഖ് ഹസീനയായി അഭിനയിച്ചത്. ഇന്ത്യ- ബംഗ്ലാദേശ് സംയുക്ത സംരംഭമായി നിര്‍മിച്ച സിനിമ സംവിധാനം ചെയ്തത് അടുത്തിടെ അന്തരിച്ച പ്രശസ്ത സംവിധായകന്‍ ശ്യാം ബെനെഗല്‍ ആയിരുന്നു.