ന്യൂഡൽഹി: ലഷ്‌കർ-ഇ-തൊയ്ബ കമാൻഡർ പാകിസ്താനിലെ സിന്ധിൽ അജ്ഞാതരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. റസാഉള്ള നിസാമനി ഖാലിദ് എന്ന അബു സൈഫുള്ള ഖാലിദിനെ പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിൽ ഞായറാഴ്ച അജ്ഞാതരായ മൂന്ന് തോക്കുധാരികൾ കൊലപ്പെടുത്തിയതായി ഉദ്യോഗസ്ഥർ അറിയിച്ചു.
2000-കളുടെ മധ്യം മുതൽ, ലഷ്കർ ഇ തൊയ്ബയുടെ നേപ്പാൾ മൊഡ്യൂളിന്റെ ചുമതലക്കാരനായിരുന്നു ഖാലിദ് . കേഡർമാരെ നിയമിക്കുക, സാമ്പത്തിക – ലോജിസ്റ്റിക് പിന്തുണയും നൽകുക, ഇന്ത്യ-നേപ്പാൾ അതിർത്തിയിലൂടെ ലഷ്കർ ഇ തൊയ്ബ പ്രവർത്തകരുടെ നീക്കം സുഗമമാക്കുക എന്നിവയായിരുന്നു ഖാലിദിന്റെ ചുമതല.
ലഷ്കർ ഇ തൊയ്ബയുടെ “ലോഞ്ചിംഗ് കമാൻഡർമാർ” എന്ന് വിളിക്കപ്പെടുന്ന അസം ചീമ എന്ന ബാബാജി, ലഷ്കർ ഇ തൊയ്ബയുടെ ചീഫ് അക്കൗണ്ടന്റ് യാക്കൂബ് എന്നിവരുമായി ഖാലിദ് അടുത്ത് പ്രവർത്തിച്ചിരുന്നു. ഇന്ത്യൻ സുരക്ഷാ ഏജൻസികൾ ഈ നേപ്പാൾ മൊഡ്യൂൾ പുറത്തുകൊണ്ടുവന്നതിനെത്തുടർന്ന് ഖാലിദ് നേപ്പാൾ വിട്ട് പാകിസ്ഥാനിലേക്ക് മടങ്ങി. ഖാലിദിന് വിനോദ് കുമാർ, മുഹമ്മദ് സലിം, റസുള്ള തുടങ്ങി നിരവധി അപരനാമങ്ങളുണ്ടായിരുന്നു.
പിന്നീട് ഇയാൾ ജമ്മു കശ്മീരിലെ ലഷ്കർ ഇ തൊയ്ബ കമാൻഡർ യൂസഫ് മുസമ്മിൽ, മുസമ്മിൽ ഇഖ്ബാൽ ഹാഷ്മി, മുഹമ്മദ് യൂസഫ് തായ്ബി എന്നിവരുൾപ്പെടെ ലഷ്കർ ഇ തൊയ്ബയുടെയും ജമാഅത്ത് ഉദ്-ദഅവയുടെയും നിരവധി നേതാക്കളുമായി അടുത്തു പ്രവർത്തിച്ചു,
സിന്ധിലെ ബാദിൻ, ഹൈദരാബാദ് ജില്ലകളിൽ നിന്ന് പുതിയ കേഡർമാരെ റിക്രൂട്ട് ചെയ്യുന്നതിനും സംഘടനയ്‌ക്ക് വേണ്ടി ഫണ്ട് ശേഖരിക്കുന്നതിനുമായി ലഷ്കർ ഇ തൊയ്ബയുടെയും ജമാഅത്ത് ഉദ് ദവായുടെയും നേതൃത്വം ഖാലിദിനെ ചുമതലപ്പെടുത്തിയിരുന്നു.
ഇന്ത്യയിൽ നടന്ന നിരവധി ഭീകരാക്രമണങ്ങളിൽ അയാൾക്ക് പങ്കുണ്ട്. 2006-ൽ ആർഎസ്എസ് ആസ്ഥാനത്ത് നടന്ന ആക്രമണത്തിന് പിന്നിലെ മുഖ്യസൂത്രധാരനാണ് ഇയാൾ. ഇന്നലെ ഉച്ചകഴിഞ്ഞ് തന്റെ വീട്ടിൽ നിന്ന് ഇറങ്ങിയ അയാളെ സിന്ധ് പ്രവിശ്യയിലെ ബദ്‌നിയിലെ ഒരു ക്രോസിംഗിന് സമീപം വെച്ച് അക്രമികൾ വെടിവെച്ച് കൊല്ലുകയായിരുന്നു.
2006-ൽ ആർഎസ്എസ് ആസ്ഥാനത്ത് നടത്തിയ ആക്രമണത്തിന് പുറമേ, 2005-ൽ ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ നടന്ന ഭീകരാക്രമണത്തിലും ഇയാൾക്ക് പങ്കുണ്ടായിരുന്നു, ആ ആക്രമണത്തിൽ ഐഐടി പ്രൊഫസർ മുനീഷ് ചന്ദ്ര പുരി കൊല്ലപ്പെടുകയും മറ്റ് നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
2008-ൽ ഉത്തർപ്രദേശിലെ രാംപൂരിൽ സിആർപിഎഫ് ക്യാമ്പിനു നേരെ നടന്ന ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരൻ കൂടിയായിരുന്നു ഖാലിദ്. ഈ ആക്രമണത്തിൽ ഏഴ് ജവാന്മാരും ഒരു സാധാരണക്കാരനും കൊല്ലപ്പെട്ടിരുന്നു.