ഛണ്ഡീഗഢ്: പാകിസ്താന് വേണ്ടി ചാരവൃത്തി ചെയ്ത സംഭവത്തിൽ അറസ്റ്റിലായ യൂട്യൂബർ ജ്യോതി മൽഹോത്ര നടത്തിയ യാത്രകളെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ട് പൊലീസ്. പഹൽഗാം ഭീകരാക്രമണത്തിന് മുമ്പ് ജ്യോതി പാകിസ്താൻ സന്ദർശിച്ചിരുന്നതായാണ് കണ്ടെത്തൽ. നിരവധി തവണ ജ്യോതി പാകിസ്താനിലേക്ക് പോയിട്ടുണ്ടെന്നും ഇതിന് ശേഷം ചൈനയിലേക്കും യാത്ര നടത്തിയിട്ടുണ്ടെന്നും ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പാക് രഹസ്യാന്വേഷണ വിഭാഗം ജ്യോതിയെ ഉപയോഗിച്ച് വിവരങ്ങൾ ചോർത്തിയിരുന്നു. സാമൂഹ്യമാദ്ധ്യമങ്ങളിൽ സജീവമായി നിൽക്കുന്നവരെ പാക് രഹസ്യാന്വേഷണ വിഭാഗം റിക്രൂട്ട് ചെയ്തിരുന്നതായും വിവരമുണ്ട്. ജ്യോതിയെ ഹരിയാന പൊലീസ് ചോദ്യം ചെയ്തുവരികയാണ്. ഇവരുടെ സാമ്പത്തിക ഇടപാടുകളെ കുറിച്ചും യാത്രകളെ കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. അടുത്തിടെ എവിടെയൊക്കെ യാത്ര ചെയ്തു. ആരെയൊക്കെ കണ്ടു എന്നിവ അന്വേഷിക്കും.
പഹൽഗാം ഭീകരാക്രമണ സമയത്തെ ജ്യോതിയുടെ പ്രവർത്തനങ്ങളെ കുറിച്ചും സോഷ്യൽമീഡിയ ഉപയോഗത്തെ കുറിച്ചും അന്വേഷണം നടത്തും. ഓപ്പറേഷൻ സിന്ദൂറിനിടെ ഇന്ത്യയിലെ പാക് ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥരുമായി ജ്യോതി സംസാരിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.
ലാപ്ടോപ്, മൊബൈൽ ഫോൺ തുടങ്ങിയ മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾ ഫോറൻസിക് പരിശോധനയ്‌ക്ക് വിധേയമാക്കും. ജ്യോതി പാകിസ്താനിലെ ചില ഉന്നത ഉദ്യോഗസ്ഥരെ കണ്ടു. എന്തിനാണ് അവരെ കണ്ടതെന്ന കാര്യവും അറിയേണ്ടതുണ്ട്.
2023 ലാണ് ഇവർ ആദ്യമായി പാകിസ്താൻ സന്ദർശിച്ചത്. പാക് ഹൈക്കമ്മീഷൻ ഏജന്റുമാർ വഴിയാണ് അന്ന് വിസ സംഘടിപ്പിച്ചത്. പിന്നാലെ പാക് ഹൈക്കമ്മീഷനിലെ ജീവനക്കാരനായ ഡാനിഷുമായി ജ്യോതി അടുത്ത ബന്ധത്തിലായി. പിന്നീട് നിരവധി തവണ ഇവർ പാകിസ്താനിൽ എത്തിയെന്നാണ് റിപ്പോർട്ട്. മെയ് 13 ന് ഡാനിഷിനെ ‘പേഴ്‌സണ നോൺ ഗ്രാറ്റ’ യായി ഇന്ത്യ പ്രഖ്യാപിക്കുകയും രാജ്യ വിടാൻ ഉത്തരവിടുകയും ചെയ്തിരുന്നു. ഇതിന് ശേഷം ഇരുവരും തമ്മിൽ ബന്ധം തുടർന്നിരുന്നു. കഴിഞ്ഞ ദിവസമാണ് ജ്യോതിയെ ഹരിയാന പൊലീസ് അറസ്റ്റ് ചെയ്തത്.