ആലപ്പുഴ: കാർ നിയന്ത്രണംവിട്ട് ബസിനടിയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ വയോധിക മരിച്ചു. ആലപ്പുഴ കരുവാറ്റ ദേശീയപാതയ്‌ക്ക് സമീപത്താണ് അപകടമുണ്ടായത്. കാർ യാത്രക്കാരിയായ പൂന്തോപ്പ് സ്വദേശിനി സരസ്വതിയമ്മ 72 ആണ് മരിച്ചത്. രാവിലെ എട്ട് മണിയോടെയാണ് സംഭവം. ദേശീയ പാതയിൽ നിർമാണ ജോലികൾ നടക്കുന്ന ഭാഗത്താണ് അപകടമുണ്ടായത്.
കായംകുളത്ത് നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന ബസാണ് കാറുമായി കൂട്ടിയിടിച്ചത്. നിയന്ത്രണംവിട്ട കാർ ബസിനടിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. മൂന്ന് പേരാണ് കാറിൽ ഉണ്ടായിരുന്നത്. വാഹനം വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തിറക്കിയത്.
പരിക്കേറ്റവരെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഹരിപ്പാട് അഗ്നിരക്ഷാസേന എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. ബസിലുണ്ടായിരുന്ന നാല് പേർക്കും പരിക്കേറ്റു. കൂട്ടിയിടിയുടെ ആഘാതത്തിൽ ബസ് മറ്റൊരു വാനിലേക്ക് ഇടിച്ചുകയറുകയും ചെയ്തു.