മലപ്പുറം: പഹൽഗാം ഭീകരാക്രമണത്തെ കുറിച്ച് ഫേസ്ബുക്കിൽ രാജ്യവിരുദ്ധ പരാമർശം നടത്തിയ മലയാളിക്കെതിരെ പൊലീസിൽ പരാതി. പഹൽഗാം ഭീകരാക്രമണത്തിന് പിന്നിൽ ഭാരതമാണെന്ന തരത്തിൽ പോസ്റ്റ് പങ്കുവച്ച നസീബ് വാഴക്കാടിനെതിരെയാണ് പൊലീസ് കേസെടുത്തത്. കോൺഗ്രസ് പോരാളി എന്ന പേരിലായിരുന്നു വിവാദപരാമർശം. ഹിന്ദുഐക്യവേദി മലപ്പുറം വർക്കിംഗ് പ്രസിഡന്റ് ചന്ദ്രനാണ് വാഴക്കാട് പൊലീസിൽ പരാതി നൽകിയത്.
“പഹൽഗാം ഭീകരാക്രമണത്തിന് പിന്നിൽ ഇന്ത്യ, സ്വന്തം ജനങ്ങളെ കൊന്നിട്ട് പാകിസ്താനുമേൽ കുറ്റം ചുമത്തുന്നു”- എന്നാണ് പോസ്റ്ററിലുള്ളത്. കഴിഞ്ഞ ദിവസമാണ് പോസ്റ്റർ പങ്കുവച്ചത്. ഫെയ്സ്ബുക്കിലും വാട്സ്ആപ്പിലെ ഗ്രൂപ്പുകളിലും ഇയാൾ പോസ്റ്റ് വ്യാപകമായി പ്രചരിപ്പിച്ചിരുന്നു.
രാജ്യവിരുദ്ധ പരാമർശം നടത്തിയ നസീബ് വാഴക്കാടിനെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളിൽ ഇത്തരം കേസുകൾ നിരവധി രജിസ്റ്റർ ചെയ്തിരുന്നു. ഇതിനിടെയാണ് മലയാളികൾക്കിടയിൽ നിന്നും ഇത്തരമൊരു പോസ്റ്റ് പ്രചരിക്കുന്നത്.