അമ്മയെ കാമുകനൊപ്പം ചേർന്ന് കൊലപ്പെടുത്തി 15-കാരി. സംഭവത്തിൽ പിടിയിലായ ഇരുവരും പ്രായപൂർത്തിയാകാത്തവരാണ്. കാമുകന് 17-വയസാണ് പ്രായം. ലക്നൗവിലെ ചിൻഹത്തിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. 40-കാരിയായ ഉഷ സിംഗാണ് ദാരുണമായി കൊല്ലപ്പെട്ടത്. കൊലയ്‌ക്ക് ശേഷം ഇത് മോഷണ-ബലാത്സംഗ ശ്രമത്തിനിടെ സംഭവിച്ചതാണെന്ന് വരുത്തിതീർത്ത് പൊലീസിനെ വഴി തെറ്റിക്കാൻ ഇരുവരും ശ്രമിച്ചിരുന്നു. എന്നാൽ പാെലീസിന്റെ വിശദമായ ചോദ്യം ചെയ്യലിൽ ഇവർക്ക് പിടിച്ചുനിൽക്കാനായില്ല. പൊലീസ് റിപ്പോർട്ട് പ്രകാരം ഞായറാഴ്ച പുലർച്ചെ 3.30നാണ് ഉഷ സിഗ് വീട്ടിൽ കൊല്ലപ്പെടുന്നത്. പത്തുവർഷം മുൻപ് ഭർത്താവ് മരിച്ചതിന് ശേഷം മകൾക്കൊപ്പമാണ് ഇവർ കഴിഞ്ഞിരുന്നത്.
അജ്ഞാതർ വീട്ടിൽ അതിക്രമിച്ച് കടന്ന് അമ്മയെ കൊലപ്പെടുത്തിയെന്നായിരുന്നു ആദ്യ പെൺകുട്ടി നൽകിയ മൊഴി. പിന്നീട് താനാണ് വിവരം അയൽക്കാരെ അറിയിച്ചതെന്നും അവൾ വ്യക്തമാക്കി. അമ്മാവനും ഇതിനിടെ വീട്ടിലെത്തി, അദ്ദേഹത്തിന്റെ സാന്നിദ്ധ്യത്തിൽ നടത്തിയ ചോദ്യം ചെയ്യലിലാണ് പെൺകുട്ടി കുറ്റം സമ്മതിച്ചതെന്ന് ഡിസിപി ശശാങ്ക് സിംഗ് പറഞ്ഞു.
വീട്ടിൽ എത്ര പേർ വന്നുവെന്നും അവരുടെ കൈയിൽ ആയുധം ഉണ്ടായിരുന്നുവോ ഇല്ലോ എന്നും ചോദിച്ചു. കാരണം മോഷണത്തിന്റെ ലക്ഷണങ്ങളൊന്നുമുണ്ടായിരുന്നില്ല. കോളനിയിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചു. ഒരു മണിക്കൂറിനിടെ ആരും വന്നു പോയിട്ടില്ലെന്ന് ഉറപ്പാക്കി. പെൺകുട്ടിയുടെ മറുപടി പരസ്പര വിരുദ്ധമായതോടെ പൊലീസ് ഇവരെ വിശദമായി ചോദ്യം ചെയ്തു. പെൺകുട്ടിയുടെ ഫോൺ രേഖകൾ പരിശോധിച്ചതോടെ കൗമാരക്കാരന്റെ പങ്കും വ്യക്തമായി.
കൗമാരക്കാരനുമായി പെൺകുട്ടി പ്രണയത്തിലായിരുന്നു. കഴിഞ്ഞ വർഷം ഇവർ ഒളിച്ചോടിയിരുന്നു. എന്നാൽ പൊലീസ് പെൺകുട്ടിയെ കണ്ടെത്തി തിരികെ കൊണ്ടുവന്നു. കൗമാരക്കാരനെ ജുവനൈൽ കസ്റ്റഡിയിൽ വിട്ടു. ഇവിടെ നിന്ന് പുറത്തിറങ്ങിയ ഇയാൾ വീണ്ടും പെൺകുട്ടിയുമായി അടുപ്പം സ്ഥാപിച്ചു. പരാതി നൽകിയതിന് സ്ത്രീയെ കൊലപ്പെടുത്തുമെന്ന് ഇയാൾ ഭീഷണി മുഴക്കിയിരുന്നു. ശനിയാഴ്ച രാത്രിയേടെ പെൺകുട്ടിയുടെ വീട്ടിലെത്തിയ കൗമാരക്കാരനാണ് കൊലപാതകം ആസൂത്രണം ചെയ്തത്. ശേഷം ഉഷയുടെ കഴുത്തിൽ തുണി മുറുക്കിയ ശേഷം ഗ്ലാസ് കഷ്ണം ഉപയോഗിച്ച് മുറിവുണ്ടാക്കുകയായിരുന്നു. രക്തം വാർന്നാണ് അവർ മരിച്ചത്. ബലാത്സംഗ ശ്രമമുണ്ടായെന്ന് വരുത്താൻ ഉഷയെ ഇരുവരും ചേർന്ന് നഗ്നയാക്കിയിരുന്നു.