ന്യൂഡൽഹി: പാകിസ്താനെ മുഴുവനായും ആക്രമിക്കാനുള്ള ശേഷി ഇന്ത്യയ്‌ക്കുണ്ടെന്ന് ഉന്നത സൈനിക ഉദ്യോഗസ്ഥൻ. പാക് സൈന്യം റാവൽപിണ്ടിയിൽ നിന്ന് അവരുടെ സൈനിക ആസ്ഥാനം മാറ്റുകയാണെങ്കിൽ ഒളിക്കാൻ വളരെ ആഴത്തിലുള്ള കുഴി തന്നെ കണ്ടെത്തേണ്ടിവരുമെന്നും ആർമി എയർ ഡിഫൻസ് ഡയറക്ടർ ജനറൽ ലെഫ്റ്റനന്റ് സുമർ ഇവാൻ ഡി കുൻഹ പറഞ്ഞു. ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
“ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യ നടത്തിയ ആക്രമണങ്ങളിൽ പാകിസ്താന്റെ പ്രധാന വ്യോമതാവളങ്ങൾ തകർക്കാനായി. പാകിസ്താന്റെ ഏത് ആയുധവും പ്രതിരോധിക്കാനുള്ള ശേഷി ഇന്ത്യയ്‌ക്കുണ്ട്. നമ്മുടെ അതിർത്തിയിൽ നിന്ന് പോലും പാകിസ്താനെ നേരിടാനുള്ള ശേഷി ഇന്ത്യൻ സൈന്യത്തിനുണ്ട്. ദീർഘദൂര ഡ്രോണുകളും ഗൈഡ്സ് യുദ്ധോപകരണങ്ങളും ഓപ്പറേഷൻ സിന്ദൂറിന്റെ വിജയത്തിന് നിർണായക പങ്കുവഹിച്ചു. രാജ്യത്തെയും ജനങ്ങളെയും സംരക്ഷിക്കുക എന്നതാണ് സായുധസേനയുടെ പ്രഥമകടമയെന്നും” അദ്ദേഹം പറഞ്ഞു.
“പാക് സൈന്യം നമ്മുടെ അതിർത്തികളിലെ ജനവാസമേഖലകൾ ലക്ഷ്യമിട്ടു. എന്നാൽ അതിൽ നിന്നൊക്കെ രാജ്യത്തെ സംരക്ഷിക്കാൻ നമുക്ക് സാധിച്ചു. ആക്രമണങ്ങളിൽ നിന്ന് സംരക്ഷിക്കുമെന്ന് ജനങ്ങൾക്ക് ഉറപ്പ് നൽകിയിരുന്നു. ജവാന്മാർ, ഓഫീസർമാർ, അവരുടെ കുടുംബാംഗങ്ങളെല്ലാം കന്റോൺമെന്റിൽ താമസിക്കുന്നുണ്ടായിരുന്നു. പാക് ഡ്രോൺ ആക്രമണങ്ങളിൽ അവർക്കും ആശങ്കയുണ്ടായിരുന്നു. ഒന്നും സംഭവിക്കില്ലെന്ന് അവർക്ക് ഞങ്ങൾ ഉറപ്പുനൽകി”.
നാല് ദിവസത്തിനിടെ ഇന്ത്യയുടെ അതിർത്തി പ്രദേശങ്ങൾ ലക്ഷ്യമിട്ട് പാകിസ്താൻ ആയിരത്തോളം ഡ്രോണുകൾ തൊടുത്തുവിട്ടു. എല്ലാ ഡ്രോണുകളും കര, നാവിക, വ്യോമസേനകൾ തകർത്തെറിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.















