ഷാർജയിൽ നടന്ന ടി20 മത്സരത്തിൽ ബംഗ്ലാദേശിനെ പരാജയപ്പെടുത്തി ചരിത്രം കുറിച്ചിരിക്കുകയാണ് യുഎഇ. ബംഗ്ലാദേശ് ഉയർത്തിയ 206 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം മറികടന്ന യുഎഇ അവരുടെ അന്താരാഷ്‌ട്ര ടി20 ക്രിക്കറ്റിലെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്ന് സ്വന്തമാക്കി. വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര 1-1 ന് സമനിലയിലാക്കാനും യുഎഇക്കായി.
2016 മുതൽ യുഎഇ ക്കെതിരെ കളിച്ച നാല് മത്സരങ്ങളിലും വിജയിച്ചിരുന്നു. യുഎഇ ടോസ് നേടി ബൗൾ ചെയ്യാൻ തീരുമാനിച്ചതോടെ, 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 205 റൺസ് നേടിയ ബംഗ്ലാദേശ് തങ്ങളുടെ അഞ്ചാം വിജയവും നിഷ്പ്രയാസം നേടുമെന്ന് തോന്നിച്ചു. എന്നാൽ മറുപടി ബാറ്റിംഗിനിറങ്ങിയ യുഎഇ ക്യാപ്റ്റൻ മുഹമ്മദ് വസീം 42 പന്തിൽ നിന്ന് 82 റൺസ് നേടി ചരിത്രപരമായ ഒരു ചേസിന് പ്രചോദനമായതോടെ ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മത്സരത്തിന് സാക്ഷ്യം വഹിച്ചു.
യുഎഇ ക്യാപ്റ്റൻ ആര്യൻ ലക്ര (42) യുമായി ചേർന്ന് 107 റൺസ് നേടിയ ഓപ്പണിംഗ് കൂട്ടുകെട്ട് യുഎഇക്ക് മികച്ച അടിത്തറ നൽകി. അവസാന ഓവറിൽ 12 റൺസ് വേണമെന്നിരിക്കെ തന്റെ രണ്ടാമത്തെ മാത്രം ടി20 മത്സരം കളിക്കുന്ന ഹൈദർ അലി, രക്ഷകനായെത്തി ടീമിനെ വിജയത്തിലേക്ക് നയിച്ചു. 206 റൺസ് പിന്തുടർന്ന് നേടിയ യുഎഇയുടെ വിജയം ടി20 ചരിത്രത്തിൽ ഒരു അസോസിയേറ്റ് രാജ്യം നേടിയ ഏറ്റവും ഉയർന്ന വിജയമാണ്. യുഎഇ ടി20 ഫോർമാറ്റിൽ 200 + സ്കോർ പിന്തുടർന്ന് വിജയിക്കുന്നതും ഇതാദ്യമായാണ്.