കാൺപൂർ: കാൺപൂരിലെ ക്ലിനിക്കിൽ ഹെയർ ട്രാൻസ്‌പ്ലാന്റേഷൻ (മുടി മാറ്റിവയ്‌ക്കൽ) ചികിത്സയ്‌ക്ക് വിധേയനായ എഞ്ചിനീയർ മരിച്ചു. കാൺപൂരിലെ എംപയർ ക്ലിനിക്കിൽ ചികിത്സ തേടിയ യുവാവിനാണ് മരണം സംഭവിച്ചത്. അടുത്തിടെ ഇത്തരത്തിൽ ഹെയർ ട്രാൻസ്‌പ്ലാന്റ് ചിക്ത്സയ്‌ക്ക് വിധേയനായ ഒരാൾ മരണപ്പെടുകയും മറ്റു രണ്ടുപേർ രോഗബാധിതരാവുകയും ചെയ്തിരുന്നു. പിന്നാലെയാണ് വീണ്ടുമൊരു മരണംകൂടി റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
കാൺപൂർ സ്വദേശി വിനീത് ദുബെയാണ് മരണപ്പെട്ടത്. ചികിത്സാപ്പിഴവ് ആരോപിച്ച് വിനീതിന്റെ കുടുംബം ക്ലിനിക്കിനെതിരെ പോലീസിൽ പരാതി നൽകി. ശസ്ത്രക്രിയ നടത്തിയ ഡോക്ടർ അനുഷ്ക തിവാരി വിനീതിന് ഉയർന്ന രക്തസമ്മർദവും പ്രമേഹവും ഉണ്ടായിരുന്നുവെന്ന മെഡിക്കൽ റിപ്പോർട്ടുകൾ അവഗണിച്ചതായി അവർ ആരോപിക്കുന്നു.
ആരോഗ്യനില വഷളായതിനെത്തുടർന്ന് ഇയാളെ മെയ് 14 ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിറ്റേ ദിവസം മരണമടയുകയായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് നിയോഗിച്ച അന്വേഷണ കമ്മിറ്റി റിപ്പോർട്ട് അനുസരിച്ച് ശസ്ത്രക്രിയയ്‌ക്ക് മുമ്പ് ഡോക്ടർ വിനീത് ദുബെക്ക് ആവശ്യമായ പരിശോധനകളൊന്നും നടത്തിയില്ല. ചികിത്സയ്‌ക്ക് പിന്നാലെ തലയിൽ ബാക്ടീരിയൽ അണുബാധയുണ്ടായ വിനീതിന് എൻസെഫലോപ്പതി ബാധിച്ചുവെന്നാണ് കണ്ടെത്തൽ.
കൂടാതെ വിനീതിന് തെറ്റായ മരുന്നുകളുടെ സ്ലിപ്പാണ് നൽകിയത്. എംപയർ ക്ലിനിക്കിലാണ് ട്രാൻസ്പ്ലാൻറ് നടത്തിയത്, പക്ഷേ അദ്ദേഹത്തിന് നൽകിയ ഒപിഡി സ്ലിപ്പ് വരാഹി ഹെയർ ആൻഡ് എസ്തെറ്റിക് സെന്റർ എന്ന മറ്റൊരു ക്ലിനിക്കിന്റെതായിരുന്നു. സ്ലിപ്പിലുണ്ടായിരുന്ന വിലാസവും തെറ്റായിരുന്നു. ഡോ. അനുഷ്കയുടെ ഭർത്താവ് ഡോ. സൗരഭിന്റെ പേരിലാണ് ട്രാൻസ്പ്ലാൻറ് നടന്ന ക്ലിനിക്ക് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നിയമങ്ങൾ പാലിക്കാത്തതിനാൽ ക്ലിനിക്കിന്റെ പുതുക്കൽ റദ്ദാക്കി. കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.