രണ്ടരവയസുകാരി ക്രൂര ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ അമ്മയും 19-കാരനായ കാമുകനും പൊലീസ് പിടിയിൽ. മുംബൈ മൽവാണിയിലാണ് നടുക്കുന്ന ക്രുരത. അമ്മയുടെ ഒത്താശയോടെ അവരുടെ കൺമുന്നിലാണ് മകൾ പീഡനത്തിനിരയായതും കൊല്ലപ്പെട്ടതുമെന്ന് പൊലീസ് പറഞ്ഞു. ബലാത്സംഗത്തിന് ശേഷം ശ്വാസം മുട്ടിച്ച് കൊല്ലുകയായിരന്നു കുഞ്ഞിനെ. റീന ഷെയ്ഖ് (30), ഫർഹാൻ ഷെയ്ഖ് എന്നിവരാണ് പിടിയിലായത്.
ഞായറാഴ്ച വൈകിട്ട് ഇരുവരും ചേർന്ന് അനക്കമില്ലാതിരുന്ന കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചതോടെയാണ് കൊടും ക്രൂരത വെളിപ്പെട്ടത്. ജാൻകല്യാൺ നഗറിലെ ആശുപത്രിയിലാണ് ഇവർ കുഞ്ഞിനെ കൊണ്ടുവന്നത്. കുഞ്ഞിന് പെട്ടെന്ന് അപസ്മാരം വന്നുവെന്നും ശ്വാസം നിലച്ചെന്നുമായിരുന്നു പറഞ്ഞത്. ഡോക്ടർമാരുടെ പരിശോധനയിൽ കുഞ്ഞിന്റെ സ്വകാര്യ ഭാഗങ്ങളിൽ മുറിവ് കണ്ടെത്തുകയായിരുന്നു.
ഇതോടെ അധികൃതർ വിവരം പൊലീസിനെ അറിയിച്ചു. മൽവാണി പൊലീസ് ആശുപത്രിയിൽ എത്തി കുഞ്ഞിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചു. മണിക്കൂറുകൾക്ക് ശേഷം കുഞ്ഞ് പീഡനത്തിനിരയായെന്നും ശ്വാസം മുട്ടിയാണ് മരിച്ചതെന്നും കണ്ടെത്തി. ഇരുവർക്കുമെതിരെ പോക്സോ വകുപ്പുകളും ചുമത്തി. മുന്നു വർഷം മുൻപ് ഭർത്താവുമായി വേർപിരിഞ്ഞ യുവതി മാതാവിനൊപ്പമാണ് താമസിക്കുന്നത്. രണ്ടുവർഷമായി യുവാവുമായി അടുപ്പത്തിലാണിവർ.