അതിനി നടക്കില്ല! പ്ലേ ഓഫിന് മുൻപ് ഐപിഎൽ നിയമങ്ങളിൽ മാറ്റം വരുത്തി ബിസിസിഐ

Published by
Janam Web Desk

ഫൈനലിലേക്കുള്ള പ്ലേയ് ഓഫ് മത്സരങ്ങൾ ആരംഭിക്കാൻ ഏതാനും ലീഗ് മത്സരങ്ങൾ കൂടി ശേഷിക്കെ നിലവിലുള്ള നിയമങ്ങളിൽ മാറ്റം വരുത്തി ബിസിസിഐ. മത്സരങ്ങൾ പൂർത്തിയാക്കാനുള്ള അധിക സമയം നിലവിലുള്ള ഒരു മണിക്കൂറിൽ നിന്ന് 120 മിനിറ്റായി വർദ്ധിപ്പിച്ചു. പ്രവചനാതീതമായ കാലാവസ്ഥ കണക്കിലെടുത്താണ് നടപടി. ലീഗ് ഘട്ടത്തിലെ പല നിർണായക മത്സരങ്ങളും മഴയും പ്രതികൂല കാലാവസ്ഥയും കാരണം ഉപേക്ഷിക്കേണ്ടി വന്നിരുന്നു.

മുൻപ് 120 മിനിറ്റ് അധികസമയം പ്ലേ ഓഫുകൾക്ക് അനുവദിച്ചിരുന്നുവെങ്കിലും ഈ ആനുകൂല്യം ലീഗ് മത്സരങ്ങൾക്കുണ്ടായിരുന്നില്ല. മെയ് 20 ചൊവ്വാഴ്ച മുതൽ ആരംഭിക്കുന്ന ലീഗ് ഘട്ടത്തിലെ ശേഷിക്കുന്ന മത്സരങ്ങൾക്കായി ഒരു മണിക്കൂർ അധിക സമയം അനുവദിക്കുമെന്ന് ബിസിസിഐയുടെ പ്രസ്താവനയിൽ വ്യക്തമാക്കി.

മെയ് 29, 30 തീയതികളിൽ മുല്ലൻപൂരിൽ ക്വാളിഫയർ 1 ഉം എലിമിനേറ്ററും നടക്കും, ജൂൺ 1, 3 തീയതികളിൽ അഹമ്മദാബാദിലാണ് ക്വാളിഫയർ 2 ഉം ഫൈനലും നിശ്ചയിച്ചിരിക്കുന്നത്. 2022 ലും 2023 ലും അഹമ്മദാബാദ് ഐ‌പി‌എൽ ഫൈനലിന് ആതിഥേയത്വം വഹിച്ചിരുന്നു. ഐപിഎൽ ഷെഡ്യൂൾ പ്രഖ്യാപിച്ചതോടെ പഞ്ചാബ് കിംഗ്‌സ് അവരുടെ ആദ്യ പ്ലേ-ഓഫ് മത്സരം സ്വന്തം നാട്ടിൽ കളിക്കുമെന്ന് ഉറപ്പാക്കി. 2014 ന് ശേഷം ആദ്യമായാണ് പഞ്ചാബ് കിംഗ്‌സ് പ്ലേ-ഓഫിന് യോഗ്യത നേടുന്നത്. ആർസിബിയും ഗുജറാത്ത് ടൈറ്റൻസും പ്ലേ ഓഫിൽ ഇടം നേടിയതോടെ നാലാം സ്ഥാനത്തിനായി പോരാട്ടം മുറുകുകയാണ്.

Share
Leave a Comment