ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കള്ളപ്പണക്കേസിൽ കോണ്ഗ്രസ് നേതൃത്വത്തിന് കുരുക്ക് മുറുകുന്നു. കള്ളപ്പണ ഇടപാടിലൂടെ കോൺഗ്രസ് നേതാക്കളായ സോണിയയും രാഹുലും 142 കോടി രൂപയുടെ സാമ്പത്തിക നേട്ടമുണ്ടാക്കിയതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഡൽഹി കോടതിയെ അറിയിച്ചു.
നാഷണൽ ഹെറാൾഡുമായി ബന്ധപ്പെട്ട സ്വത്തുക്കൾ 2023 നവംബറിൽ കണ്ടുകെട്ടിയതായും അതുവരെ പ്രതികൾ കുറ്റകൃത്യത്തിന്റെ വരുമാനം ആസ്വദിക്കുകയായിരുന്നുവെന്നും ഇഡിക്ക് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ എസ്. വി രാജു പറഞ്ഞു സോണിയ, രാഹുൽ, സാം പിത്രോദ, എന്നിവർക്കെതിരെ കള്ളപ്പണം വെളുപ്പിക്കൽ കേസ് പ്രഥമദൃഷ്ട്യാ നിലവിലുണ്ടെന്ന് ഇഡി അറിയിച്ചു.
നാഷണൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കോൺഗ്രസ് പാർട്ടിയെ പ്രതിയാക്കുന്ന കാര്യം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിഗണിക്കുന്നുണ്ട്. കുറ്റകൃത്യത്തിലൂടെ കോൺഗ്രസ് നേതൃത്വം നേട്ടമുണ്ടായപ്പോൾ പല ഓഹരി ഉടമകൾക്കും നഷ്ടം സംഭവിച്ചതായി ഇഡി കോടതിയിൽ പറഞ്ഞു.
എന്താണ് നാഷണൽ ഹെറാൾഡ് കേസ്…
2012 ൽ ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി നൽകിയ പരാതിക്ക് പിന്നാലെയാണ് തട്ടിപ്പ് പുറത്ത് വന്നത്. 2014 ജൂൺ 26 ന് ന്യൂഡൽഹിയിലെ മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് പട്യാല ഹൗസ് കോടതി പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിൽ 2021 ലാണ് ഇഡി അന്വേഷണം ആരംഭിച്ചത്. നാഷണൽ ഹെറാൾഡ് പത്രത്തിന്റെ ഉടമകളായിരുന്ന, കോടിക്കണക്കിന് രൂപയുടെ സ്വത്തുള്ള ദി അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡ്-എജെഎൽ എന്ന കമ്പനിയെ സോണിയയുടെ നേതൃത്വത്തിലുള്ള യങ് ഇന്ത്യ ലിമിറ്റഡ് എന്ന കമ്പനി തട്ടിയെടുക്കുകയായിരുന്നു. 2000 കോടിയോളം വിലവരുന്ന സ്വത്തുവകകൾ തുച്ഛമായ വിലയ്‌ക്കാണ് സോണിയയും രാഹുലും ചേർന്ന് സ്വന്തമാക്കിയത്.
2008ൽ 90 കോടിയുടെ കടബാധ്യതയുമായി നാഷണൽ ഹെറാൾഡ് അടച്ചുപൂട്ടിയിരുന്നു. ബാധ്യത തീർക്കാൻ നാഷണൽ ഹെറാൾഡിന്റെ ഉടമസ്ഥരായ അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡിന് കോൺഗ്രസ് 90 കോടി രൂപ വായ്പ നൽകി. ഈ തുക തിരിച്ചടയ്‌ക്കാൻ എജെഎല്ലിന് കഴിഞ്ഞില്ല. 2010ൽ യുപിഎ സർക്കാരിന്റെ ഭരണകാലത്ത് സോണിയയും രാഹുലും ഡയറക്ടർമാരായി യങ് ഇന്ത്യ ലിമിറ്റഡ് രൂപീകരിച്ചു. ഇതോടെ കോൺഗ്രസ് നൽകിയ വായ്പ യങ് ഇന്ത്യയുടെ പേരിലേക്ക് മാറ്റി. യങ് ഇന്ത്യയ്‌ക്ക് പണം നൽകാനും എജെഎല്ലിന് കഴിഞ്ഞില്ല. ഇതോടെയാണ് കോടിക്കണക്കിന് രൂപയുടെ ആസ്തി യങ് ഇന്ത്യയ്‌ക്ക് സ്വന്തമാകുന്നത്. 2010ലാണ് കമ്പനിയുടെ കൈമാറ്റ ഇടപാടുകൾ നടന്നത്.
സോണിയ, രാഹുൽ , മോത്തിലാൽ വോറ, സാം പിത്രോദ, ഓസ്‌കാർ ഫെർണാണ്ടസ്, സുമൻ ദുബെ തുടങ്ങിയവരാണ് കേസിൽ പ്രതികൾ. വിശ്വാസ ലംഘനം, വഞ്ചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്. 2015ൽ സോണിയയും രാഹുലും ഉൾപ്പെടെയുള്ള പ്രതികൾ ജാമ്യം എടുക്കുകയും ചെയ്തിരുന്നു. കേസിൽ കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ, പവൻ ബൻസാൽ തുടങ്ങിയ നേതാക്കളേയും ഇഡി ചോദ്യം ചെയ്തിരുന്നു.















