റായ്പൂർ: ഛത്തീസ്ഗഢിൽ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ 26 മാവോയിസ്റ്റുകളെ വധിച്ചു. നാരായൺപൂർ, ബിജാപൂർ ജില്ലകളിലാണ് ഏറ്റുമുട്ടലുണ്ടായത്. കൊല്ലപ്പെട്ടവരിൽ തലയ്ക്ക് 1.5 കോടി പാരിതോഷികം പ്രഖ്യാപിച്ച കൊടും കുറ്റവാളി ബസവരാജും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. അതിർത്തി പ്രദേശങ്ങളിൽ രണ്ട് ദിവസത്തോളമായി തെരച്ചിൽ നടക്കുകയാണ്.
മാവോയിസ്റ്റ് സംഘത്തിന്റെ തലവനാണ് ബസവരാജ്. വിവിധ കേസുകളുമായി ബന്ധപ്പെട്ട് തെലങ്കാന, ആന്ധ്രാപ്രദേശ് പൊലീസും എൻഐഎയും അന്വേഷിക്കുന്ന കൊടുംക്രിമിനലാണ് ഇയാൾ. വനമേഖലകൾ കേന്ദ്രീകരിച്ച് മാവോയിസ്റ്റ് സംഘം തമ്പടിച്ചിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന നടന്നത്. നാരായൺപൂർ, ദന്തേവാഡ, ബിജാപൂർ, കൊണ്ടഗാവ് എന്നീ ജില്ലകളിൽ നിന്നുള്ള ജില്ലാ റിസർവ് ഗാർഡ് ജവാന്മാർ ഓപ്പേറഷന്റെ ഭാഗമായി.
അടുത്തിടെ, ഛത്തീസ്ഗഢ്-തെലങ്കാന അതിർത്തി പ്രദേശങ്ങൾക്ക് സമീപം ഓപ്പറേഷൻ ബ്ലാക്ക് ഫോറസ്റ്റ് എന്ന പേരിൽ പൊലീസിന്റെയും സുരക്ഷാസേനയുടെയും സംയുക്ത തെരച്ചിൽ നടന്നിരുന്നു. 21 ദിവസം നീണ്ടുനിന്ന ഓപ്പറേഷനിൽ 31 മാവോയിസ്റ്റുകളെയാണ് സേന വധിച്ചത്. 214 മാവോയിസ്റ്റ് ഒളിത്താവളങ്ങളും ബങ്കറുകളും നശിപ്പിച്ചു.