പാലക്കാട്: തൃത്താലയിൽ കിടപ്പ് രോഗിയായ ഭാര്യയെ 62 കാരൻ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ഒതളൂർ സ്വദേശി ഉഷ നന്ദിനി (57) ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് മുരളീധരനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
ബുധനാഴ്ച രാവിലെ 9 മണിയോടെയാണ് സംഭവം. കൊലപാതക വിവരം പ്രതി തന്നെയാണ് കുടുംബ വാട്സാപ്പ് ഗ്രൂപ്പിലൂടെ ബന്ധുക്കളെ അറിയിച്ചത്. ‘ഉഷ മരിച്ചു, ഞാൻ കൊന്നു, എല്ലാവരെയും അറിയിക്കാൻ വിളിച്ചിട്ട് ആരെയും കിട്ടുന്നില്ല. അത് ഞാൻ ചെയ്തു, എന്ത് ശിക്ഷ വന്നാലും അനുഭവിക്കാൻ തയ്യാറാണ്’, ഇടറുന്ന ശബ്ദത്തിൽ മുരളീധരൻ പറയുന്നു.
രണ്ടരമാസമായി ശരീരം തളർന്ന് കിടപ്പായിരുന്നു ഉഷ. ചെറിയ മാനസിക പ്രശ്നങ്ങളും ഇവർക്കുണ്ടായിരുന്നു. മുരളീധരന്റെ ഒരു മകൻ കുറച്ച് വർഷങ്ങൾക്ക് മുൻപ് മരണപ്പെട്ടിരുന്നു. മറ്റൊരു മകന് മാനസിക പ്രശ്നങ്ങളുണ്ട്. ഉഷയുടെ വീട്ടിലായിരുന്നു ഇവർ താമസിച്ചിരുന്നത്. മാനസികമായി തളർന്നെന്നും മറ്റുവഴിയില്ലാതെ കൃത്യം ചെയ്തെന്നും മുരളീധരൻ പൊലീസിന് മൊഴി നൽകി. ദമ്പതികൾ തമ്മിൽ പ്രശ്നങ്ങൾ ഇല്ലെന്നാണ് ബന്ധുക്കൾ മൊഴി നൽകിയത്.