ജയ്പൂർ : രാജസ്ഥാനിൽ 103 അമൃത് റെയിൽവേ സ്റ്റേഷനുകൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ബിക്കാനേർ -മുംബൈ എക്സ്പ്രസ് ട്രെയിൻ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു. രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻലാൽ ശർമ, കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് എന്നിവരുടെ സാന്നിധ്യത്തിലാണ് ഉദ്ഘാടനം നടന്നത്. സംസ്ഥാനത്ത് 26,000 കോടിയുടെ വികസന പദ്ധതികൾ പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു.
18 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും 86 ജില്ലകളിലായി നിർമിച്ച റെയിൽവേ സ്റ്റേഷനുകളാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. 1,100 കോടി ചെലവിൽ നടപ്പിലാക്കിയ അമൃത് സ്റ്റേഷൻ പദ്ധതിയിൽ ആന്ധ്രാപ്രദേശ്, അസം, ബിഹാർ, ഛത്തീസ്ഗഢ്, ഗുജറാത്ത് കർണാടക, മഹാരാഷ്‌ട്ര, ഉത്തർപ്രദേശ്, തമിഴ്നാട്, മദ്ധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ പ്രധാന റെയിൽവേ സ്റ്റേഷനുകളും ഉൾപ്പെടും. കേരളത്തിലെ വടകര, ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനുകളും ഇതിൽ ഉൾപ്പെടുന്നു.
രാജസ്ഥാനും മഹാരാഷ്‌ട്രയും തമ്മിൽ ബന്ധിപ്പിക്കുന്ന ബിക്കാനേർ- മുംബൈ എക്സ്പ്രസ് യാത്രക്കാർക്ക് വളരെ സൗകര്യപ്രദമായിരിക്കും. ബിക്കാനേറിലെ പലാനയിലാണ് ഉദ്ഘാടന ചടങ്ങുകൾ നടന്നത്. 26,000 കോടിയുടെ പദ്ധതികളുടെ ഭാഗമായി റെയിൽവേ, റോഡ്, സൗരോർജ്ജം, ആരോഗ്യസംരക്ഷണം തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങളുടെ വികസനം ഉറപ്പാക്കുന്നു.