ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിന്റെ വിജയത്തിന് പിന്നാലെ പാകിസ്താനെ രൂക്ഷമായ ഭാഷയിൽ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭാരതം ഭീകരവാദത്തിന് ചുട്ടമറുപടി നൽകിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഏപ്രിൽ 22 ന് നടന്ന പഹൽഗാം കൂട്ടക്കൊലയ്‌ക്ക് ഇന്ത്യ 22 മിനിറ്റ് കൊണ്ട് 9 ഭീകരതവളങ്ങൾ നിലം പരിശാക്കി പ്രതികാരം ചെയ്തു. പാകിസ്താനെ ചക്രവ്യൂഹം തീർത്ത് മുട്ടുകുത്തിച്ച ഇന്ത്യൻ സായുധ സേനയെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ബിക്കാനീറിൽ നടന്ന റാലിയിലായിരുന്നു മോദിയുടെ രൂക്ഷ വിമർശനം.
“ഏപ്രിൽ 22 ലെ ആക്രമണത്തിന് മറുപടിയായി, ഭീകരരുടെ ഏറ്റവും വലിയ ഒമ്പത് ഒളിത്താവളങ്ങൾ 22 മിനിറ്റിനുള്ളിൽ ഞങ്ങൾ നശിപ്പിച്ചു. സിന്ദൂരം വെടിമരുന്നായി മാറുമ്പോൾ എന്താണ് സംഭവിക്കുന്നതെന്ന് ലോകത്തിന്റെയും രാജ്യത്തിന്റെയും ശത്രുക്കൾ കണ്ടു. രക്തമല്ല, എന്റെ ഞരമ്പുകളിൽ തിളയ്‌ക്കുന്നത് സിന്ദൂരമാണ്,” പ്രധാനമന്ത്രി പറഞ്ഞു.
ഏപ്രിൽ 22 ന് ഭീകരർ നമ്മുടെ ജനങ്ങളെ ലക്ഷ്യം വച്ചുകൊണ്ട് അവരുടെ മതം ചോദിച്ചും നമ്മുടെ സഹോദരിമാരുടെ സിന്ദൂരം തുടച്ചുമാറ്റിയും ആക്രമണം നടത്തി. പഹൽഗാമിൽ ഉതിർത്ത വെടിയുണ്ടകൾ 140 കോടി ഇന്ത്യക്കാരുടെ ഹൃദയങ്ങളെ മുറിവേൽപ്പിച്ചു. അവർ ഒരിക്കലും മറക്കാത്ത രീതിയിലുള്ള തിരിച്ചടിയാണ് ഇന്ത്യ നൽകിയതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഭാരതം ദേശീയ സുരക്ഷയുടെ കാര്യത്തിൽ വിട്ടുവീഴ്‌ച ചെയ്യില്ലെന്നും ഇന്ത്യൻ സൈന്യത്തിന്റെ പ്രതികരണം ശത്രുക്കൾക്ക് ശക്തമായ സന്ദേശം നൽകിയെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു .”നമ്മുടെ സൈന്യത്തിന് പൂർണ്ണ സ്വാതന്ത്ര്യം ലഭിച്ചു. മൂന്ന് സേനകളും ചേർന്ന് പാകിസ്താൻ മുട്ടുകുത്താൻ നിർബന്ധിതമാകുന്ന തരത്തിൽ ഒരു ചക്രവ്യൂഹം സൃഷ്ടിച്ചു. നമ്മുടെ സായുധ സേനയുടെ വീര്യത്തിനുമുന്നിൽ പാകിസ്താന് കീഴടങ്ങേണ്ടി വന്നു,” പ്രധാനമന്ത്രി പറഞ്ഞു.