കണ്ണൂർ: പേരക്കുട്ടിയുടെ മർദ്ദനമേറ്റ് ഗുരുതാവസ്ഥയിൽ ചികിത്സയിലായിരുന്ന വയോധിക മരിച്ചു. പയ്യന്നൂർ കണ്ടങ്കാളി സ്വദേശി മണിയറ കാർത്ത്യായനി അമ്മ (88) ആണ് മരിച്ചത്. പരിയാരം മെഡിക്കൽ കോളേജിൽ ചികിൽസയിലായിരുന്നു. കാർത്ത്യായനിയുടെ മകളായ ലീലയുടെ മകൻ റിജുവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
മെയ് 11 നാണ് കാർത്ത്യായനിയെ പേരക്കുട്ടി റിജു ക്രൂരമായി മർദ്ദിച്ചത്. വീണ് പരിക്കേറ്റതായാണ് വീട്ടുകാർ ഡോക്ടറോട് പറഞ്ഞിരുന്നത്. എന്നാൽ ശരീരത്തിൽ അടിയുടെ പാടുകൾ കണ്ടതോടെ ഡോക്ടർമാർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തലയ്‌ക്കും, കൈയ്‌ക്കും മാരകമായി പരിക്കേറ്റ കാർത്ത്യായനി അബോധാവസ്ഥയിലായിരുന്നു
പയ്യന്നൂർ കൊക്കാനിശ്ശേരിയിലെ സ്വന്തം വീടും പറമ്പും കാർത്ത്യായിനി മകൾ ലീലയ്‌ക്ക് നൽകിയിരുന്നു. കാത്ത്യായിനിയെ സംരക്ഷിക്കണം എന്ന വ്യവസ്ഥയോടെയാണ് സ്വത്ത് എഴുതി നൽകിയത്. ഈ വീട് വാടകയ്‌ക്ക് നൽകി കാർത്ത്യായനിയെ കണ്ടങ്കാളിയിലെ വീട്ടിലേക്ക് ലീല കൂട്ടി കൊണ്ടുവന്നു. അവശയായ കാർത്ത്യായനി ഹോം നേഴ്സിന്റെ സംരക്ഷണയിലായിരുന്നു. ഹോം നേഴ്സിന്റെ പരാതിയിലാണ് പയ്യന്നൂർ പൊലീസ് റിജുവിനെതിരെ കേസെടുത്തത്. മദ്യപാനിയായ റിജു കാർത്ത്യായനി അമ്മയെ പലപ്പോഴായി മർദ്ദിക്കാറുണ്ടെന്നാണ് വിവരം.
Leave a Comment