തിരുവനന്തപുരം: വികസനം എന്നത് ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട എല്ലാ പ്രതിനിധികളുടെയും കൂട്ടുത്തരവാദിത്തമാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയുടെ ഭാഗമായി നവീകരിച്ച വടകര, ചിറയിൻകീഴ് സ്റ്റേഷനുകളുടെ ഉദ്ഘാടനത്തിന് ശേഷം സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
തെരഞ്ഞെടുപ്പുകൾ നടത്തുന്നതിന് മാത്രമാണ് രാഷ്‌ട്രീയ പാർട്ടികൾ. തെരഞ്ഞെടുപ്പിന് നമ്മളെ അവതരിപ്പിക്കുന്നതിനാണ് പാർട്ടി. തെരഞ്ഞെടുപ്പ് ഫലം വന്നുകഴിഞ്ഞാൽ ജയിച്ചവരും തോറ്റവരും ഒരുമിച്ച് നിന്നാൽ മാത്രമേ രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കുകയുള്ളൂവെന്നും സുരേഷ് ഗോപി പറഞ്ഞു.
“പ്രേംനസീറിന്റെ മണ്ണിലേക്ക് എന്തെങ്കിലും കൊണ്ടുവരാനുണ്ടെങ്കിൽ പ്രധാനമന്ത്രിയോടും ഗതാഗത മന്ത്രിയോടും ആവശ്യപ്പെട്ട് അതിന് വേണ്ടി പ്രവർത്തിക്കും. വന്ദേഭാരത് ആലപ്പുഴയിൽ വേണ്ടായെന്ന് പോലും ആളുകൾ പറഞ്ഞു. കാരണം ട്രെയിനിന്റെ സ്പീഡ് സൗകര്യപ്പെടുത്താൻ മറ്റ് പല ട്രെയിനുകളും പിടിച്ചിടേണ്ടി
വരും. എല്ലാ ട്രെയിനുകൾക്കും ഒരുപോലെ അവകാശം കിട്ടണമെങ്കിൽ ട്രെയിൻ പോകുന്നതിനുള്ള വീതി കൂട്ടുകയാണ് സംസ്ഥാന സർക്കാർ ചെയ്യേണ്ടത്”.
സ്ഥലം കണ്ടെത്തി റെയിൽവേയ്‌ക്ക് നൽകിയാൽ ഉറപ്പായും ചെയ്യാൻ കഴിവുള്ള ചങ്കുറപ്പുള്ള പ്രധാനമന്ത്രി നമ്മുടെ രാജ്യം ഭരിക്കുന്നുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.















