ബെംഗളൂരു: അമിത ജോലി സമ്മർദം താങ്ങാനാവാതെ 24 കാരനായ ഒലയിലെ ഐടി ജീവനക്കാരൻ ആത്മഹത്യ ചെയ്തു. ബംഗളുരുവിലാണ് സംഭവം.മഹാരഷ്‌ട്ര സ്വദേശിയായ നിഖിൽ സോംവംശിയാണ് എച്ച്എസ്ആർ ലെ ഔട്ടിലെ താമസസ്ഥലത്തിന് സമീപമുള്ള അഗര തടാകത്തിൽ ചാടി ജീവനൊടുക്കിയത്.
ഒല കമ്പനിയിലെ എഐ വിങ്ങിൽ ക്രുട്രിമിലെ മെഷീൻ ലേണിങ് എഞ്ചിനീയറായിരുന്നു നിഖിൽ. താൻ മരിച്ചത് അപകടത്തിലാണെന്ന് വീട്ടുകാരോട് പറയാണെമന്ന സുഹൃത്തുക്കൾക്ക് വീഡിയോ സന്ദേശമയച്ച ശേഷമായിരുന്നു യുവാവിന്റെ ആത്മഹത്യ. സന്ദേശം ലഭിച്ച സുഹൃത്തുക്കൾ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
നിഖിലിനായി അന്വേഷണം നടക്കവെയാണ് ഇന്ന് രാവിലെ തടാകത്തിൽ നിന്നും മൃതദേഹം കണ്ടെത്തുന്നത്. അടുത്തിടെ രണ്ട് സഹപ്രവർത്തകർ രാജിവച്ചതോടെ നിഖിലിന് കടുത്ത ജോലി ഭാരം നേരിടേണ്ടി വന്നിരുന്നതായി സുഹൃത്തുക്കൾ പറയുന്നു. നിഖിലിന്റെ യുഎസിലെ മാനേജർക്കെതിരെയും ആരോപണങ്ങൾ ഉയരുന്നുണ്ട്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ നിന്ന് ഉയർന്നമർക്കോടെ കഴിഞ്ഞ വർഷമാണ് നിഖിൽ ബിരുദാനന്തര ബിരുദം നേടിയത്. അതേസമയം ജീവനക്കാരന്റെ മരണത്തെക്കുറിച്ച് അറിയില്ലെന്നാണ് ഒലയുടെ മറുപടി