ന്യൂഡൽഹി: ഇന്ത്യ പാകിസ്താനുമായി വെടിനിർത്തൽ ധാരണയിലെത്തിയതിലൂടെ പ്രധാനമന്ത്രി ഇന്ത്യയുടെ അഭിമാനത്തിൽ വിട്ടുവീഴ്ച ചെയ്തുവെന്ന കോൺഗ്രസ് നേതാവ് രാഹുലിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി ബിജെപി. കോൺഗ്രസ് വർഷങ്ങളായി ചെയ്തതുപോലെ പ്രധാനമന്ത്രി നരേന്ദ്ര മോദി പാകിസ്ഥാനിലേക്ക് “പ്രണയലേഖനങ്ങൾ” അയയ്‌ക്കുന്നില്ലെന്നും രാഹുൽ പാകിസ്താന്റെ പോസ്റ്റർ ബോയ് ആയി മാറിയെന്നും ബിജെപി പരിഹസിച്ചു.
എക്‌സിൽ പങ്കുവച്ച പോസ്റ്റിലാണ് രാഹുൽ പാകിസ്താനെതിരായ സൈനിക പ്രത്യാക്രമണം നിർത്തിവെക്കാൻ സമ്മതിച്ചതിലൂടെ പ്രധാനമന്ത്രി ഇന്ത്യയുടെ അഭിമാനത്തിൽ വിട്ടുവീഴ്ച ചെയ്തുവെന്നും ആരോപിച്ചത്. എന്നാൽ കോൺഗ്രസ് ചെയ്തതുപോലെ തങ്ങൾ പാകിസ്താനിലേക്ക് പ്രേമലേഖനങ്ങൾ അയക്കുന്നില്ലെന്നായിരുന്നു കേന്ദ്രമന്ത്രി പ്രൽഹാദ് ജോഷി ഇതിനുമറുപടി നൽകിയത്.
“നിങ്ങളുടെ സ്വന്തം പാർട്ടി വർഷങ്ങളായി ചെയ്തിരുന്നതുപോലെ മോദി സർക്കാർ പ്രണയലേഖനങ്ങൾ അയയ്‌ക്കുന്നില്ല. ഞങ്ങൾ ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും ശക്തമായ തിരിച്ചടിയാണ് നൽകിയത്,” കേന്ദ്രമന്ത്രി എക്‌സിൽ കുറിച്ചു.
പാകിസ്താന്റെ പോസ്റ്റർ ബോയ് ആണ് രാഹുലെന്നും കോൺഗ്രസ് ഇന്ന് പാകിസ്താനെ അനുകൂലിക്കുന്ന വ്യാജ വാർത്താ ഫാക്ടറി മാത്രമായി മാറി യെന്നും ബിജെപി ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരി ആരോപിച്ചു.