കാസർഗോഡ്: കാഞ്ഞങ്ങാട് ഒഴുകിപ്പോയ ചെരിപ്പെടുക്കാൻ കുളത്തിലിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു. കാഞ്ഞങ്ങാട് മഡിയൻ പാലാക്കിയിലെ പഴയ പള്ളിക്കുളത്തിൽ കഴിഞ്ഞ ദിവസമാണ് സംഭവം. പത്തും ഒൻപതും വയസുള്ള കുട്ടികളാണ് മരിച്ചത്.
മഡിയൻ പാലാക്കി സ്വദേശി അസീസിന്റെ മകൻ അഫാസ് (9), മൂസാഹാജി ക്വാട്ടേഴ്‌സിൽ താമസിക്കുന്ന ഹൈദറിന്റെ മകൻ അൻവർ(10) എന്നിവരാണ് മരിച്ചത്. മുങ്ങിത്താഴുന്നതിനിടെ രക്ഷിച്ച അൻവറിന്റെ സഹോദരൻ ഹാഷിഖിനെ ഗുരുതരാവസ്ഥയിൽ മീങ്കളുരുവിലെ ആശുപത്രയിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞദിവസം വൈകീട്ട് മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്. പള്ളിക്കുളത്തിൽ കുളിക്കാനിറങ്ങിയതായിരുന്നു കുട്ടികൾ. ഇതിനിടെ ഒരു കുട്ടിയുടെ ചെരിപ്പ് കുളത്തിന്റെ നടുവിലേക്ക് ഒഴുകിപ്പോയി. ഇതെടുക്കാനുള്ള ശ്രമത്തിനിടെയാണ് കുട്ടികൾ അപകടത്തിൽപ്പെട്ടത്. ഇരുവരെയും നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്ന് രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.