ന്യൂഡൽഹി: ആകാശച്ചുഴിയിൽ അകപ്പെട്ട് അപകടത്തിലാകുമായിരുന്ന ഇൻഡിഗോ വിമാനത്തിന് വ്യോമാതിർത്തി നിഷേധിച്ച് പാകിസ്താൻ. ഇൻഡിഗോയുടെ 6E 2142 എന്ന നമ്പർ വിമാനമാണ് പ്രതികൂല കാലാവസ്ഥ നേരിടേണ്ടിവന്നത്. പാകിസ്താന്റെ വ്യോമാതിർത്തി ഉപയോഗിക്കുന്നതിനായി ലാഹോർ എയർ ട്രാഫിക് കൺട്രോളിനോട് അനുമതി തേടിയിരുന്നു. എന്നാൽ ഈ അഭ്യർത്ഥന പാകിസ്താൻ നിഷേധിച്ചു. ഇക്കാര്യം ഡയറക്ടർ ജനറൽ ഓഫ് ജനറൽ സിവിൽ എവിയേഷൻ (ഡിജിസിഎ) സ്ഥിരീകരിച്ചു.
ഡൽഹിയിൽ നിന്ന് 227 യാത്രക്കാരുമായി പുറപ്പെട്ട ഇൻഡിഗോ വിമാനത്തിനാണ് ആദ്യഘട്ടത്തിൽ സുരക്ഷാപ്രശ്നങ്ങൾ നേരിട്ടത്. പഞ്ചാബിലെ അമൃത്സറിലൂടെ പറക്കുമ്പോഴായിരുന്നു സംഭവം. പ്രതികൂല കാലാവസ്ഥയെ തുടർന്നാണ് വിമാനം അപകടത്തിലേക്ക് പോയത്.
ആലിപ്പഴവർഷത്തിലും ആകാശച്ചുഴിയിലും അകപ്പെട്ട് വിമാനം ആടിയുലയുകയും അപകടത്തിലേക്ക് പോവുകയും ചെയ്തു. പാകിസ്താൻ അനുമതി നിഷേധിച്ചതോടെ പൈലറ്റുമാർ വീശിയടിക്കുന്ന കൊടുങ്കാറ്റിന് നേരെ വിമാനം പറത്തുകയായിരുന്നു. ഭയാനക അന്തരീഷമാണ് വിമാനത്തിനുള്ളിൽ അനുഭവപ്പെട്ടത്.
വിമാനത്തിന്റെ മുൻഭാഗത്ത് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. വിമാനത്തിനുള്ളിൽ നിന്ന് യാത്രക്കാർ പകർത്തിയ ദൃശ്യങ്ങൾ പുറത്തുവന്നു. പിന്നാലെ വിമാനം ശ്രീനഗർ വിമാനത്താവളത്തിൽ അടിയന്തരമായ ലാൻഡ് ചെയ്യുകയായിരുന്നു.
Leave a Comment