ന്യൂഡൽഹി: സ്ത്രീകളുടെ പ്രസവാവധി നിഷേധിക്കാനുള്ള അവകാശം ഒരു സ്ഥാപനത്തിനുമില്ലെന്ന് സുപ്രീം കോടതി. ജസ്റ്റിസ് അഭയ് എസ്, ജസ്റ്റിസ് ഉജ്ജ്വൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ചാണ് വിധിച്ചത്. തമിഴ്നാട് സ്വദേശിയും സർക്കാർ സ്കൂളിലെ അദ്ധ്യാപികയുമായ യുവതി സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതി ഇടപെടൽ.
രണ്ടാം വിവാഹം കഴിച്ച യുവതിയുടെ മൂന്നാമത്തെ പ്രസവവുമായി ബന്ധപ്പെട്ടാണ് പരാതി. ആദ്യ വിവാഹത്തിൽ യുവതിക്ക് രണ്ട് കുട്ടികളുണ്ടെന്ന് പറഞ്ഞാണ് സർക്കാർ അവധി നിഷേധിച്ചതെന്ന് അദ്ധ്യാപിക ഹർജിയിൽ പറയുന്നു. ആദ്യ രണ്ട് കുട്ടികളെ പ്രസവിക്കുന്ന സമയത്ത് യുവതി ജോലിക്ക് പോയിരുന്നില്ല. അതിനാൽ പ്രസവ അവധിയോ മറ്റ് ആനുകൂല്യങ്ങളോ ലഭിച്ചിരുന്നില്ല. എന്നാൽ ഇത്തവണ അവധിക്ക് അപേക്ഷ നൽകിയപ്പോൾ അധികൃതർ ആവശ്യം നിഷേധിക്കുകയായിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് അദ്ധ്യാപിക ഹർജി സമർപ്പിച്ചത്.
പ്രസവ അവധി പോലും അനുവദിക്കാത്ത തമിഴ്നാട് സർക്കാരിന്റെ പ്രവൃത്തി മൗലികഅവകാശങ്ങളുടെ ലംഘനമാണെന്ന് കോടതി നിരീക്ഷിച്ചു. പ്രസവ അവധി സ്ത്രീകളുടെ ആരോഗ്യത്തിന് അനിവാര്യമാണെെന്നും കോടതി വ്യക്തമാക്കി.
പ്രസവ അവധി നിയമപ്രകാരം സ്ത്രീകൾക്ക് പ്രസവത്തിന് ശേഷം 12 ആഴ്ച വരെ അവധി നൽകണം. 2017-ൽ സുപ്രീം കോടതിയുടെ ഉത്തരവ് പ്രകാരം പ്രസവ അവധി 26 ആഴ്ചയായി നീട്ടിയിട്ടുണ്ട്.