മുംബൈ: അടുത്ത 10 വര്‍ഷത്തിനുള്ളില്‍ ഇന്ത്യയുടെ വടക്കുകിഴക്കന്‍ മേഖലകളില്‍ 50,000 കോടി രൂപ നിക്ഷേപിക്കുമെന്ന് അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി. വെള്ളിയാഴ്ച നടന്ന റൈസിംഗ് നോര്‍ത്ത് ഈസ്റ്റ് നിക്ഷേപക ഉച്ചകോടിയിലാണ് പ്രഖ്യാപനം.
എയര്‍പോര്‍ട്ടുകള്‍, എയ്‌റോ സിറ്റികള്‍, സിറ്റി ഗ്യാസ് വിതരണം, ട്രാന്‍സ്മിഷന്‍, സിമന്റ്, റോഡ് വികസനം തുടങ്ങിയ മേഖലകള്‍ ലക്ഷ്യമിട്ട് ആസാമില്‍ മാത്രം 50,000 കോടി രൂപ ചെലവഴിക്കുമെന്ന് മാസങ്ങള്‍ക്ക് മുന്‍പ് അദാനി ഗ്രൂപ്പ് വ്യക്തമാക്കിയിരുന്നു. ഇതിന് പുറമെയാണ് വടക്കുകിഴക്കന്‍ മേഖലയില്‍ പുതിയ നിക്ഷേപം പ്രഖ്യാപിച്ചിരിക്കുന്നത്.
വടക്കുകിഴക്കന്‍ മേഖലയുടെ തന്ത്രപരമായ പ്രാധാന്യവും അതിന്റെ വികസനത്തിനായുള്ള ഗ്രൂപ്പിന്റെ ദീര്‍ഘകാല വീക്ഷണവും ഗൗതം അദാനി ഊന്നിപ്പറഞ്ഞു. ‘വടക്കുകിഴക്കന്‍ മലനിരകളിലും താഴ്‌വരകളിലും, ഇന്ത്യയുടെ വളര്‍ച്ചാ കഥയുടെ ഒരു പുതിയ അധ്യായം ചുരുളഴിയുകയാണ്,’ അദാനി പറഞ്ഞു.
അസമിന്റെ സാമ്പത്തിക അടിത്തറ ശക്തിപ്പെടുത്താനും മേഖലയുടെ അഭിവൃദ്ധിയിലേക്ക് അര്‍ത്ഥവത്തായ സംഭാവന നല്‍കാനുമുള്ള ഗ്രൂപ്പിന്റെ ഉദ്ദേശ്യം അദാനി ആവര്‍ത്തിച്ചു. കേരളമടക്കം മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലും വന്‍ പദ്ധതികള്‍ നടത്തുന്നുണ്ടെങ്കിലും പൊതുവെ വടക്കുകിഴക്കന്‍ മേഖലയില്‍ അദാനി ഗ്രൂപ്പിന് പദ്ധതികള്‍ കുറവാണ്. വടക്കുകിഴക്കന്‍ മേഖലയുടെ തന്ത്രപരമായ പ്രാധാന്യം തിരിച്ചറിഞ്ഞ് കൂടുതല്‍ വികസന പദ്ധതികള്‍ ഈ മേഖലയില്‍ നടപ്പാക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ഊന്നല്‍ കൊടുക്കുന്നുണ്ട്.