ന്യൂഡൽഹി: ഐക്യരാഷ്‌ട്രസഭയിൽ പാകിസ്താനെതിരെ ആഞ്ഞടിച്ച് ഇന്ത്യ. കഴിഞ്ഞ 40 വർഷത്തിനിടെ പാകിസ്താൻ പിന്തുണയ്‌ക്കുന്ന ഭീകരർ 20,000 ഇന്ത്യക്കാരെ കൊലപ്പെടുത്തിയെന്നും അതിർത്തി കടന്നുള്ള ഭീകരത രാജ്യത്തെ സാധാരണക്കാരുടെ ജീവനാണ് കവർന്നതെന്നും ഐക്യരാഷ്‌ട്രസഭയിലെ ഇന്ത്യൻ പ്രതിനിധി പർവ്വതനേനി ഹരീഷ് വിമർശിച്ചു.
“സിന്ധുനദീജല കരാർ റദ്ദാക്കിയ ഇന്ത്യയുടെ നടപടിയെ ചോദ്യം ചെയ്ത പാക് പ്രതിനിധിക്ക് ചുട്ടമറുപടിയാണ് ഹരീഷ് നൽകിയത്. വലിയ നദീതീര രാഷ്‌ട്രമെന്ന നിലയിൽ ഇന്ത്യ എപ്പോഴും ഉത്തരവാദിത്തത്തോടെയാണ് പ്രവർത്തിച്ചിട്ടുള്ളതെന്നും എന്നാൽ പാകിസ്താൻ ഭീകരരെ പിന്തുണയ്‌ക്കാൻ മാത്രമാണ് ഉത്തരവാദിത്തം കാണിച്ചതെന്നും ഹരീഷ് ആഞ്ഞടിച്ചു”.
“65 വർഷങ്ങൾക്ക് മുമ്പ് പൂർണവിശ്വാസത്തോടെയാണ് ഇന്ത്യ സിന്ധുനദീജല കരാറിൽ ഒപ്പുവച്ചത്. ഇതിനിടയിൽ ഇന്ത്യയിൽ മൂന്ന് യുദ്ധങ്ങളും ആയിരക്കണക്കിന് ഭീകരാക്രമണങ്ങളും നടന്നു. ആ സമയത്തെല്ലാം ഇന്ത്യ ക്ഷമിക്കുകയും പൊറുക്കുകയും ചെയ്തു. അണക്കെട്ടുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ചില മാറ്റങ്ങൾ വേണ്ടിവരും. ചിലത് സുരക്ഷാഭീഷണികളും നേരിടുന്നു. നദീജല ഉടമ്പടി പ്രകാരം അടിസ്ഥാനസൗകര്യങ്ങളിലെ മാറ്റങ്ങൾ പോലും പാകിസ്താൻ നിരന്തരം തടയുന്നു”.
2012-ൽ ജമ്മുകശ്മീരിലെ തുൽബുൾ നാവിഗേഷൻ പദ്ധതി പോലും ഭീകരർ തടഞ്ഞു. കഴിഞ്ഞ രണ്ട് വർഷത്തിനിടെ നിരവധി തവണ മാറ്റങ്ങളെ കുറിച്ച് ചർച്ച ചെയ്യാൻ ഇന്ത്യ പാകിസ്താനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അഭ്യർത്ഥനകൾ പാകിസ്താൻ നിരന്തരം അവഗണിക്കുകയാണ് ചെയ്തതെന്നും ഇന്ത്യൻ പ്രതിനിധി വ്യക്തമാക്കി.