ജർമനിയിലെ സിറ്റി ഓഫ് ഹാംബർഗിൽ കത്തിയാക്രമണത്തിൽ നിരവധി പേർക്ക് പരിക്ക്. ഏറ്റവും തിരക്കേറിയ സെൻട്രൽ ട്രെയിൻ സ്റ്റേഷനിലാണ് ആക്രമണമുണ്ടായത്. ഒമ്പത് പേർക്ക് കുത്തേറ്റെന്നാണ് വിവരം. ഇവരുടെ നില അതീവഗുരുതരമാണ്. യുവതിയാണ് അറസ്റ്റിലായത്.
13-14 ട്രാക്കുകൾക്കിടയിലെ പ്ലാറ്റ്ഫോമിൽ നിന്ന യാത്രക്കാരെയാണ് അക്രമി ലക്ഷ്യം വച്ചത്. ജർമനിയുടെ ഏറ്റവും വലിയ രണ്ടാമത്തെ സിറ്റിയിലാണ് ആക്രമണം നടന്നത്. ലോക്കൽ, പ്രാദേശിക, ദീർഘ ദൂര ട്രെയിനുകൾ എത്തുന്ന സ്റ്റേഷനിലായിരുന്നു കത്തിക്കുത്ത്. ഇതേതുടർന്ന് നാലു ട്രാക്കുകൾ അടച്ചെന്നും ദീർഘദൂര ട്രെയിനുകൾ വൈകിയെന്നും അധികൃതർ അറിയിച്ചു.
പരിക്കേറ്റ ഒമ്പത് പേരിൽ മൂന്നുപേരു നില അതീവ ഗുരുതരമെന്ന് ഹാംബർഗ് ഫയർ സർവീസ് അറിയിച്ചു. അതേസമയം പൊലീസ് എത്രപേർക്ക് പരിക്കേറ്റെന്ന് കൃത്യമായി വെളിപ്പെടുത്തിയിട്ടില്ല.
39-കാരിയാണ് പിടിയിലായത്. ഇവർ ഒറ്റയ്‌ക്കാണ് ആക്രമണം നടത്തിയത്. ഇതിന്റെ കാരണം എന്താണെന്ന് വ്യക്തമല്ല. കഴിഞ്ഞ ദിവസം വൈകിട്ട് ആറിന് ശേഷമായിരുന്നു ആക്രമണം. കത്തിയുൾപ്പടെയുള്ള ആയുധങ്ങൾക്ക് സ്റ്റേഷനിൽ വിലക്കുണ്ടായിരുന്നു.