റാഞ്ചി: കോൺഗ്രസ് എംപി രാഹുൽ ഗാന്ധിക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് ജാർഖണ്ഡിലെ ചൈബാസയിലെ എംപി-എംഎൽഎ കോടതി. 2018 ലെ കോൺഗ്രസിന്റെ പ്ലീനറി സമ്മേളനത്തിൽ രാഹുൽ ഗാന്ധി അന്ന് ബിജെപി പ്രസിഡന്റായിരുന്ന അമിത് ഷായ്‌ക്കെതിരെ നടത്തിയ പരാമർശങ്ങളാണ് കേസിനാധാരം. ബിജെപി നേതാവ് പ്രതാപ് കത്യാറാണ് രാഹുലാണെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്തത്. നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന രാഹുലിന്റെ അഭിഭാഷകന്റെ അപേക്ഷ കോടതി തള്ളുകയായിരുന്നു.
കൊലപാതകക്കുറ്റം നേരിടുന്ന ഒരാൾക്ക് പോലും ബിജെപിയുടെ പ്രസിഡന്റാകാമെന്നായിരുന്നു രാഹുലിന്റെ വിവാദ പരാമർശം. ഇതിനുപിന്നാലെ കോൺഗ്രസ് നേതാവിന്റെ പ്രസ്താവന അപകീർത്തികരമാണെന്നും എല്ലാ ബിജെപി പ്രവർത്തകരെയും അപമാനിച്ചെന്നും ആരോപിച്ച്, പ്രതാപ് കത്യാർ 2018 ജൂലൈ 9 ന് ചൈബാസയിലെ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് (സിജെഎം) കോടതിയിൽ കേസ് ഫയൽ ചെയ്തു.
ജാർഖണ്ഡ് ഹൈക്കോടതിയുടെ നിർദ്ദേശത്തെത്തുടർന്ന്, 2020 ഫെബ്രുവരിയിൽ കേസ് റാഞ്ചിയിലെ എംപി-എംഎൽഎ കോടതിയിലേക്ക് മാറ്റി. എന്നാൽ വീണ്ടും ചൈബാസയിലെ എംപി-എംഎൽഎ കോടതിയുടെ പരിഗണനയിലെത്തിയ കേസിൽ മജിസ്‌ട്രേറ്റ് രാഹുലിന് സമൻസയക്കുകയായിരുന്നു. കോടതി ആവർത്തിച്ച് സമൻസ് അയച്ചിട്ടും രാഹുൽ ഗാന്ധി ഹാജരായില്ല. അതിനാലിപ്പോൾ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചുകൊണ്ട് പ്രത്യേക കോടതി കര്‍ശനമായ നടപടി സ്വീകരിച്ചിരിക്കുകയാണ്.