ന്യൂഡൽഹി: വൻ തട്ടിപ്പ് നടത്തി രാജ്യംവിട്ട തട്ടിപ്പുകേസിലെ പ്രതി അംഗദ് ചന്ദോകിനെ യുഎസ് ഇന്ത്യയ്‌ക്ക് കൈമാറി. പിടികൂടിയ പ്രതിയെ സിബിഐ ഉദ്യോഗസ്ഥർ ഡൽഹിയിലെത്തിച്ചു. യുഎസിലും സമാന കുറ്റം ചെയ്ത പ്രതിയെ കോടതി ശിക്ഷിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യുഎസ് സിബിഐയ്‌ക്ക് കൈമാറിയത്.
അമേരിക്കയിലേക്ക് ഒളിവിൽ പോയ പ്രതി അവിടെയും സമാന കുറ്റകൃത്യത്തിൽ ഏർപ്പെടുകയായിരുന്നു. പ്രായമായവരെയാണ് തട്ടിപ്പ് സംഘം ലക്ഷ്യമിട്ടിരുന്നത്. അംഗദ് ചന്ദോക്കിന്റെ പിന്നിൽ വലിയൊരു തട്ടിപ്പ് സംഘം പ്രവർത്തിക്കുന്നുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ ആറ് വർഷത്തേക്കാണ് കോടതി ശിക്ഷിച്ചത്.
യുഎസ് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ ഇന്ത്യൻ അന്വേഷണ ഏജൻസികൾ തെരയുന്ന കൊടും കുറ്റവാളിയാണെന്ന് വ്യക്തമായത്. പത്ത് ലക്ഷത്തിലധികം രൂപയാണ് ഇയാൾ അമേരിക്കൻ പൗരന്മാരിൽ നിന്നും തട്ടിയത്.
ഇയാൾ കാലിഫോർണിയയിൽ കള്ളപ്പണം വെളുപ്പിക്കുന്നതിലും പങ്കാളിയായിട്ടുണ്ട്. അംഗജ് ചന്ദോക്കറിനൊപ്പം അഞ്ച് പേരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. ഇവർക്കായുള്ള പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.