കോളേജുകൾക്കായി ഐപിഎൽ, ഐഎസ്എൽ മോഡൽ ലീഗ്; കിക്കോഫ് 26ന്

Published by
Janam Web Desk

രാജ്യത്ത് ആദ്യമായി തുടങ്ങുന്ന കോളേജ്‌ പ്രൊഫഷണൽ സ്‌പോർട്സ് ലീഗിന് 26-ാം തീയതി മലപ്പുറത്ത് കിക്കോഫ്. കോളേജ്‌ സ്‌പോർട്സ് ലീഗ്‌ കേരളയിൽ ഫുട്‌ബോൾ, വോളിബോൾ ലീഗുകളാണ് ഇക്കൊല്ലം ആരംഭിക്കുന്നത്. കേരളത്തിലെ വിവിധ സർവകലാശാലകളിൽ നിന്നുള്ള ടീമുകൾ പങ്കെടുക്കുന്ന ലീഗിന്റെ ഉദ്ഘാടനം തിരൂരിൽ നടക്കും. കായിക വകുപ്പ്‌ സംഘടിപ്പിച്ചിട്ടുള്ള കിക്ക്ഡ്രഗ്‌സ് എന്ന ലഹരിവിരുദ്ധ സന്ദേശയാത്രയുടെ സമാപനവും വേദിയിൽ നടക്കും. കായിക വകുപ്പും, ഉന്നത വിദ്യാഭ്യാസവകുപ്പും സംയുക്തമായാണ്‌ കോളേജ്‌ സ്‌പോർട്സ് ലീഗ്‌ കേരള ആരംഭിക്കുന്നത്.

യു എസിലെ പ്രശസ്തമായ പ്രൊഫഷണൽ കോളേജ്‌ സ്‌പോർട്‌സ് മാതൃകയിലാണ്‌ ലീഗ്‌ സംഘടിപ്പിക്കുന്നത്. കോളേജുകൾക്കായി പ്രത്യേക സ്‌പോർട്‌സ്‌ ക്ലബ്ബുകളും, ഫാൻസ് കമ്മ്യൂണിറ്റികളും രൂപീകരിച്ചിട്ടുണ്ട്. കായികരംഗത്ത് പതിറ്റാണ്ടുകളുടെ ചരിത്രവും മികവും ഉള്ള കോളേജുകൾ ഏറ്റുമുട്ടുന്നതിനാൽ ലീഗ് അടിമുടി ആവേശകരവും, പ്രൊഫഷണൽ സ്വഭാവമുള്ളതുമാകുമെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ പറഞ്ഞു.

പ്രൊഫഷണൽ ലീഗ് ഘടനയിലുള്ള ബ്രാൻഡിംഗ്, മാർക്കറ്റിങ്, പ്രമോഷൻ, സ്‌കൗട്ടിങ്, പ്രൈസ്മണി തുടങ്ങിയവ ഇതിലും ഉണ്ടാകും. മേജർ ലീഗുകളിലേക്കുള്ള ഫീഡർ ലീഗുകളായിട്ടാണ് ഇതിനെ വിഭാവനം ചെയ്തിരിക്കുന്നത്.കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സ്റ്റേഡിയം ആയിരിക്കും ഫുട്‌ബോൾ വേദി. പതിനാറ്‌ കോളേജുകൾ പങ്കെടുക്കുന്ന ലീഗ് മേയ് 27 മുതൽ ജൂൺ 2 വരെയാണ്‌ നടക്കുക. ഇന്ത്യയിൽ ആദ്യമായാണ് ഒരു സംസ്ഥാനം കോളേജ്‌ പ്രൊഫഷണൽ ലീഗ് തുടങ്ങുന്നത്. അടുത്ത വർഷത്തോടെ കൂടുതൽ ഇനങ്ങളുമായി കോളേജ്‌ ലീഗ് വിപുലമായി സംഘടിപ്പിക്കാൻ ആണ് പദ്ധതി.

 

Share
Leave a Comment