ന്യൂഡെല്‍ഹി: ജൂണ്‍ 1 മുതല്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള ചരക്കുകള്‍ക്ക് 50% താരിഫ് ചുമത്തുമെന്ന ഭീഷണി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉപേക്ഷിച്ചതിനെത്തുടര്‍ന്ന് തിങ്കളാഴ്ച അന്താരാഷ്‌ട്ര സ്വര്‍ണ്ണ വില ഏകദേശം 1% കുറഞ്ഞു. സ്‌പോട്ട് ഗോള്‍ഡ് 0.8% ഇടിഞ്ഞ് ഔണ്‍സിന് 3,332.04 ഡോളറിലെത്തി. യുഎസ് ഗോള്‍ഡ് ഫ്യൂച്ചറുകള്‍ 1% ഇടിഞ്ഞ് 3,331.90 ഡോളറിലെത്തി.
യുഎസും യൂറോപ്യന്‍ യൂണിയനും തമ്മില്‍ വാണിജ്യ കരാര്‍ ഉണ്ടാക്കുന്നതിന് ജൂലൈ 9 എന്ന പുതിയ സമയപരിധി ട്രംപ് ഞായറാഴ്ച പ്രഖ്യാപിച്ചിരുന്നു. യുഎസിന് പുറത്ത് നിര്‍മിക്കുന്ന ആപ്പിള്‍ ഐഫോണുകള്‍ക്ക് 25% താരിഫ് ഏര്‍പ്പെടുത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് വെള്ളിയാഴ്ച സ്വര്‍ണവില കുത്തനെ ഉയര്‍ന്നിരുന്നു.
3 മാസ ലക്ഷ്യം
യുഎസ് താരിഫ് നയങ്ങള്‍, ഭൗമരാഷ്‌ട്രീയ ആശങ്കകള്‍, യുഎസ് ബജറ്റിനെ ചുറ്റിപ്പറ്റിയുള്ള ആശങ്കകള്‍ എന്നിവയ്‌ക്കിടയില്‍ സിറ്റി ബാങ്ക് ഞായറാഴ്ച സ്വര്‍ണത്തിന്റെ മൂന്ന് മാസത്തേക്കുള്ള വില ലക്ഷ്യം ഔണ്‍സിന് 3150 ഡോളറില്‍ നിന്ന് 3,500 ഡോളറിലേക്ക് ഉയര്‍ത്തിയിരുന്നു. സ്വര്‍ണ്ണവില 3,100 ഡോളറിനും 3,500 ഡോളറിനും ഇടക്കായി നിലകൊള്ളുമെന്ന് ബാങ്ക് പ്രതീക്ഷിക്കുന്നു.
ഡോളര്‍ വീഴ്ച
എന്നിരുന്നാലും ഡോളറിന്റെ ക്ഷീണം സ്വര്‍ണവിലയുടെ താഴേക്കുള്ള വീഴ്ചയുടെ വേഗം കുറച്ചിട്ടുണ്ട്. യുഎസിന്റെ ക്രെഡിറ്റ് റേറ്റിംഗ് വെട്ടിക്കുറച്ച മൂഡീസിന്റെ നടപടി മൂലമാണ് ഡോളറിന്റെ മൂല്യം മറ്റ് കറന്‍സികളെ അപേക്ഷിച്ച് ഇടിയുന്നത്.
കേരളത്തില്‍
കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണവില തിങ്കളാഴ്ച ഗ്രാമിന് 40 രൂപ കുറഞ്ഞ് 8950 രൂപയില്‍ എത്തി. പവന് 320 കുറഞ്ഞ് 71,600 രൂപയാണ് പുതിയ വില.















