കൂറ്റൻ മരം തലയിൽ കൂടി വീണ് 25-കാരന് ദാരുണാന്ത്യം. മുംബൈ വിക്രോലിയിലാണ് ദാരുണ സംഭവമുണ്ടായത്. സുഹൃത്തുക്കൾക്കൊപ്പം ഗണേഷ് മൈതാനത്ത് നിന്നിരുന്ന തേജസ് നായിഡുവാണ് മരിച്ചത്. കനത്ത മഴയാണ് മുംബൈയിൽ പെയ്തിറങ്ങുന്നത്. വേരുകൾ ദ്രവിച്ച മരമാണ് കനത്ത കാറ്റിലും മഴയിലും തിങ്കളാഴ്ച രാവിലെ നിലംപൊത്തിയത്. മഴ നനയാതിരിക്കാൻ റോഡിന്റെ വശത്തേക്ക് ഒതുങ്ങി നിന്ന തേജസിന്റെ തലയിലേക്ക് മരം വീഴുകയായിരുന്നു.
സ്ഥലത്തുണ്ടായിരുന്നവർ തേജസിനെ ഗോദ്രേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു. മരം ഏറെ നാളായി അപകടാവസ്ഥയിലായിരുന്നു. അതേസമയം തേജസിനൊപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ തലനാരിഴയ്‌ക്ക് രക്ഷപ്പെടുകയായിരുന്നു. ഇവർ ഓടിമാറിയതണ് രക്ഷയായത്.