ഗാന്ധിനഗർ: സര്‍ദാര്‍ പട്ടേലിന്റെ വാക്കുകൾ നെഹ്റു അവഗണിച്ചതാണ് 75 വർഷമായി ഭാരതം അനുഭവിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പിഒകെയെ തിരിച്ച് പിടിക്കുന്നത് വരെ സൈനിക നടപടി അവസാനിപ്പിക്കരുതെന്നായിരുന്നു സര്‍ദാര്‍ പട്ടേലിന്റെ ആഗ്രഹം. ഈ നിർദ്ദേശത്തെ നെഹ്റു അവഗണിച്ചതിലൂടെ പിഒകെ തിരിച്ച് പിടിക്കാനുള്ള നിർണ്ണായക അവസരമാണ് നഷ്ടമായത്. ഇന്ത്യാവിഭജനത്തിനുശേഷം 1947ല്‍ ആദ്യത്തെ ഭീകരാക്രമണമുണ്ടായ സമയത്തുതന്നെ വേണ്ടവിധത്തില്‍ കൈകാര്യം ചെയ്യണമായിരുന്നുവെന്നും ഗുജറാത്തില്‍ പൊതുപരിപാടിയില്‍ അദ്ദേഹ പറഞ്ഞു.
” 1947ൽ ഭാരതാംബയെ മൂന്നായി വിഭജിച്ചു. അതേ രാത്രി തന്നെ മുജാഹിദ്ദിനുകൾ കശ്മീരിൽ ഭീകരാക്രമണം നടത്തി ഒരു ഭാഗം പിടിച്ചെടുത്തു. അന്ന് തന്നെ മുജാഹിദ്ദിനുകളെ ഇല്ലായ്മ ചെയ്തിരുന്നെങ്കിൽ സ്ഥിതി മാറിയേനെ. പാക് അധിനിവേശ കശ്മീരിനെ തിരിച്ച് പിടിക്കാതെ സൈനിക നടപടി നിർത്തരുതെന്ന പ്രതിരോധമന്ത്രി സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ആഗ്രഹം. അദ്ദേഹത്തിന്റെ വാക്കുകൾ അവഗണിച്ചതാണ് 75 വർഷമായി ഇന്ത്യ അനുഭവിക്കുന്നത്. പഹൽഗാമിൽ നടന്നതും ഇതാണ്”അദ്ദേഹം പറഞ്ഞു.
ഭീകരതയെ പ്രോത്സാഹിപ്പിക്കുന്ന പാകിസ്താനെതിരായ നടപടി ഇന്ത്യ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. എത്ര ആരോഗ്യമുള്ള ശരീരമാണെങ്കിലും ഒരു മുള്ള് കൊണ്ടാൽ അത് അസ്വസ്ഥമായിരിക്കും. ആ മുള്ള് നീക്കം ചെയ്യാൻ ഇന്ത്യ തീരുമാനിച്ചു, ഇതായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകൾ
സമാധാനമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും എന്നാൽ നിഴൽ യുദ്ധത്തിലൂടെ നമ്മുടെ ശക്തി വെല്ലുവിളിക്കുമ്പോൾ നമുക്ക് നിശബ്ദത പാലിക്കാൻ കഴിയില്ലെന്നും പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.















