വെള്ളച്ചാട്ടത്തിൽ കുളിക്കുന്നതിനിടെ മരം വീണ് രണ്ടുപേർക്ക് ദാരുണാന്ത്യം. ഡെറാഡൂണിലെ ടൈഗർ വെള്ളച്ചാട്ടത്തിൽ കുളിക്കുന്നതിനിടെയാണ് മരം ഇവരുടെ ദേഹത്തേക്ക് വീണത്. വിനോദ സഞ്ചാരത്തിന് കുടുംബത്തിനൊപ്പമെത്തിയ ഡൽഹി സ്വദേശിനിയായ അൽക്ക ആനന്ദ്, ചക്രാത സ്വദേശിയായ ജോഷി(48) എന്നിവരാണ് മരിച്ചത്.
അൽക്ക പിതാവിനും നവവരനുമൊപ്പമാണ് ഉത്തരാഖണ്ഡിലെത്തിയത്. ജോഷി ഭാര്യക്കും മകൾക്കുമൊപ്പവും. ഇവർ മറ്റു ടൂറിസ്റ്റുകൾക്കൊപ്പം വെള്ളച്ചാട്ടത്തിൽ നിന്ന് കുളിക്കുന്നതിനിടെ വെള്ളത്തിനൊപ്പം ഒഴുകി വന്ന മരം സഞ്ചാരികളുടെ മേൽ പതിക്കുകയായിരുന്നു. 60 മീറ്റർ ഉയരത്തിൽ നിന്നാണ് മരം വീണത്. രണ്ടുപേരും തത്ക്ഷണം മരിക്കുകയായിരുന്നു. മൂന്നുപേർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. സഞ്ചാരികൾ മരം ഉയർത്തി ഇവരെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല.
പിന്നീട് പൊലീസ് എത്തിയാണ് ഇവരെ അടുത്തുള്ള ആരോഗ്യകേന്ദ്രത്തിലേക്ക് കൊണ്ടുപോയത്. എന്നാൽ ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു. പോസ്റ്റുമോർട്ടത്തിന് ശേഷം ഇവരുടെ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ഇന്ത്യയിലെ ഏറ്റവും ഉയരത്തിൽ നിന്ന് നേരിട്ട് പതിക്കുന്ന വെള്ളച്ചാട്ടമാണ് ടൈഗർ. ഏകദേശം 312 അടി ഉയരമുണ്ട്.















