മംഗളുരു : ദക്ഷിണ കന്നഡ ജില്ലയിൽ സംഘർഷം വർധിപ്പിച്ചു കൊണ്ട് വീണ്ടും ഒരു കൊലപാതകം നടന്നു. ബണ്ട്വാൾ താലൂക്കിലെ കൊളത്തമജലുവിനു സമീപത്ത് വെച്ച് ഇംതിയാസ് എന്ന അബ്ദുൾ റഹ്മാൻ ആണ് കൊല്ലപ്പെട്ടത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം.
പിക്ക്-അപ്പ് ട്രക്കിൽ കൊണ്ടുവന്ന മണൽ ഇറക്കുന്നതിനിടെ വാഹനങ്ങളിൽ എത്തിയ ഒരു സംഘം ആളുകൾ അബ്ദുൾ റഹ്മാനെ ആക്രമിക്കുകയായിരുന്നു. പിക്ക്-അപ്പ് ട്രക്കിന്റെ മുൻവശത്തെ ചില്ലുകൾ സംഘം തകർത്തു. അബ്ദുൾ റഹ്മാനെയും കൂടെയുണ്ടായിരുന്ന സുഹൃത്ത് കലന്ദർ ഷാഫിയെയും വാഹനത്തിൽ നിന്ന് വലിച്ചിറക്കി ആക്രമിച്ചു. അബ്ദുൾ റഹ്മാൻ സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു. കലന്ദർ ഷാഫിയെ മംഗളൂരുവിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അബ്ദുൾ റഹ്മാൻ ജമാ അത്ത് കമ്മിറ്റി സെക്രട്ടറിയായിരുന്നു. നിർമാണത്തൊഴിലാളിയാണ് കലന്ദർ ഷാഫി.
കൊലപാതകവുമായി ബന്ധപ്പെട്ട് 15 പേർക്കെതിരെ ബണ്ട്വാൾ റൂറൽ പൊലീസ് കേസെടുത്തു . ദീപക്, സുമിത്,എന്നിവരും മറ്റ് 13 പേരെയുമാണ് പൊലീസ് പ്രതികളാക്കിയത്.
പോസ്റ്റ്‌മോർട്ടത്തിനും നടപടിക്രമങ്ങൾക്കും ശേഷം അബ്ദുൾ റഹ്മാന്റെ മൃതദേഹം അധികൃതർ കുടുംബത്തിന് കൈമാറി. മൃതദേഹം ആംബുലൻസിൽ കുത്താറിലെ മദനി നഗറിലെ പള്ളിയിലേക്ക് കൊണ്ടുപോയി. അവിടെ നിന്ന് മൃതദേഹം കൊളത്തമജലുവിലെ ശ്മശാനത്തിലേക്ക് കൊണ്ടുപോയി, അവിടെ അന്ത്യകർമങ്ങൾ നടത്തി.















