ആദ്യ ക്വാളിഫയറിലേക്ക് കടക്കാനുള്ള ചൂടേറിയ പോരാട്ടത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവും ലഖ്‌നൗ സൂപ്പർ ജയന്റ്സും കൊമ്പുകോർത്തപ്പോൾ കളിയുടെ അവസാനഘട്ടത്തിലെ വിവാദ മങ്കാദിംഗ് ശ്രമമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറുന്നത്. എൽഎസ്ജി ബൗളർ ദിഗ്‌വേഷ് റാത്തിയുടെ ഓവറിലായിരുന്നു സംഭവം.
പതിനേഴാം ഓവറിൽ പന്തെറിയാനെത്തിയ ദിഗ്‌വേഷ് ഓവറിലെ അവസാനപന്തിൽ നോൺസ്‌ട്രൈക്കെർ എൻഡിൽ നിൽക്കുകയായിരുന്ന ആർസിബി സ്റ്റാൻഡ്-ഇൻ-ക്യാപ്റ്റൻ ജിതേഷ് ശർമയെയാണ് റൺ ഔട്ടാക്കാൻ ശ്രമിച്ചത്. സ്കിപ്പർ ക്രീസിന് പുറത്താണെന്ന് കണ്ട എൽഎസ്ജി സ്പിന്നർ തിരഞ്ഞുവന്ന് ബെയിൽ പന്തുകൊണ്ട് തട്ടിയിടുകയായിരുന്നു.
എന്നാൽ അതേസമയം എൽഎസ്ജി ക്യാപ്റ്റൻ ഋഷഭ് പന്ത് ദിഗ്‌വേഷിന്റെ അപ്പീൽ പിൻവലിക്കുന്നതും ജിതേഷ് പന്തിനെ ആലിംഗനം ചെയ്യുന്നതും ഗ്രൗണ്ടിലെ സ്‌ക്രീനിൽ തെളിഞ്ഞു. എന്നാൽ പന്ത് അപ്പീൽ പിൻവലിച്ചില്ലായിരുന്നുവെങ്കിലും ജിതേഷ് പുറത്താകില്ലായിരുന്നുവെന്നതാണ് വാസ്തവം. എംസിസിയുടെ പരിഷ്കരിച്ച നിയമപ്രകാരം ബൗളർ തന്റെ ബൗളിംഗ് ആക്ഷൻ പൂർത്തിയാക്കി ക്രീസിന് കുറുകെ കടന്നതിന് ശേഷം നോൺസ്‌ട്രൈക്കറെ റൺ ഔട്ടാക്കുക സാധ്യമല്ല. ദിഗ്‌വേഷ് ബൗളിംഗ് ആക്ഷൻ പൂർത്തിയാക്കി ക്രീസ് മറികടന്നിരുന്നു. അതിനാൽ അപ്പീൽ പരിഗണിച്ചാലും ജിതേഷ് ഔട്ട് ആകുമായിരുന്നില്ലെന്ന് വ്യക്തം.
അതേസമയം പതിനേഴാം ഓവറിലെ ആദ്യപന്തിലും ദിഗ്‌വേഷ് ആർസിബി താരത്തെ പുറത്താകാൻ ശ്രമിച്ചിരുന്നു. ജിതേഷ് റിവേഴ്‌സ് സ്വീപ്പിന് ശ്രമിച്ച പന്ത് ആയുഷ് ബധോനിയുടെ കൈകളിലെത്തി. ഇതോടെ ദിഗ്‌വേഷ് തന്റെ നോട്ട് ബുക്ക് സ്റ്റൈൽ വിജയാഘോഷവും തുടങ്ങിയിരുന്നു. എന്നാൽ അമ്പയർ നോ-ബോൾ വിളിച്ചതോടെ കഥ മാറി. തൊട്ടടുത്ത ഫ്രീഹിറ്റ് അവസരം ജിതേഷ് സിക്‌സാക്കി മാറ്റുകയും ചെയ്തു. ഇതോടെ സോഷ്യൽ മീഡിയയിലടക്കം ദിഗ്‌വേഷിന് ട്രോളുകൾ നിറയുകയാണ്.
Digvesh Rathi ke saath scam ho gya bhai😭😭🤣🤣#RCBvsLSG pic.twitter.com/vbbHkiTHfv
— Chandan Singh Yadav (@Chandanmgs123) May 27, 2025