യുപിയിൽ പൊലീസിന്റെ ഓപ്പറേഷൻ ലാംഗ്ഡയിൽ 14 പേർ പിടിയിലായി. 24 മണിക്കൂറിനിടെ സംസ്ഥാനത്തൊട്ടാകെ 11 എൻകൗണ്ടറുകളാണ് യുപി പൊലീസ് നടത്തിയത്. ലക്നൗ, ഗാസിയബാദ്, ആഗ്ര, ഭാഗ്പട്ട്,ഫിറോസബാദ്, ജലൗൺ,ബാല്ലിയ,ഹാപൂർ, ഉന്നാവോ എന്നിവിടങ്ങളിലായിരുന്നു ഓപ്പറേഷൻ ലാംഗ്ഡ. കൊടിയ ക്രിമിനലുകളും പിടികിട്ടാപ്പുള്ളികളും ഉൾപ്പടെയുള്ളവരാണ് പാെലീസ് വലയിലായത്.
പൊലീസിന് നേരെയുള്ള ആക്രമണങ്ങൾക്ക് തോക്കിലൂടെയാണ് മറുപടി നൽകിയത്. അനധികൃത ആയുധങ്ങളും മോഷണ മുതലുകളും പൊലീസ് കണ്ടെടുത്തു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കൊടും ക്രിമിനലായ ഭദ്ദാർ എന്ന കമൽ കിഷോറിനെ പൊലീസ് വെടിവച്ച് വീഴ്‌ത്തി. മെയ് 27-നാണ് ഇയാൾ പെൺകുട്ടിയെ പീഡനത്തിനിരയാക്കുന്നത്.
പ്രതിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പിടികൂടുന്ന സമയത്ത് ഇയാൾ പൊലീസിന് നേരെ വെടിയുതിർത്തിരുന്നു. തുടർന്ന് പൊലീസ് ഇയാളെ കാലിൽ വെടിവച്ച് വീഴ്‌ത്തുകയായിരുന്നു. ഇയാളിൽ നിന്ന് നാടൻ തോക്കും വെടിയുണ്ടകളും കണ്ടെടുത്തു. നോയിഡയിലെ കോൺസ്റ്റബിളിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയും പിടികിട്ടാപ്പുള്ളിയുമായ അബ്ദുൽ റഹ്മാനെയും പൊലീസ് വെടിവച്ചാണ് പിടികൂടിയത്.















