ബെംഗളൂരു: തമിഴ് നടനും മക്കൾ നീതി മയ്യം രാഷ്ട്രീയപാര്ടിയുടെ നേതാവുമായ കമൽഹാസന്റെ പരാമർശത്തിനെതിരെ കർണാടകയിൽ അമർഷം പുകയുന്നു.
ജൂൺ 5 ന് റിലീസ് ചെയ്യുന്ന കമൽ ഹാസന്റെ ‘ തഗ് ലൈഫ്’ എന്ന ചിത്രത്തിന്റെചെന്നൈയിൽ നടന്ന ഓഡിയോ ലോഞ്ച് ചടങ്ങിൽ തമിഴിൽ നിന്നാണ് കന്നഡ ഉത്ഭവിച്ചതെന്ന് അദ്ദേഹം പ്രസ്താവന നടത്തിയിരുന്നു. ഇതാണ് വിവാദമാകുന്നത്.
‘തഗ് ലൈഫ്’ എന്ന സിനിമയുടെ ചെന്നൈയിൽ നടന്ന ഓഡിയോ ലോഞ്ചിൽ നടൻ ശിവണ്ണ (ശിവരാജ്കുമാർ) അതിഥിയായി പങ്കെടുത്തിരുന്നു. ശിവരാജ്കുമാറിന്റെ അച്ഛൻ രാജ്കുമാറുമായുള്ള തന്റെ ബന്ധം ഈ അവസരത്തിൽ കമൽഹാസൻ അനുസ്മരിച്ചു. പിന്നീട് ശിവണ്ണയുടെ മുന്നിൽ വെച്ച് നിങ്ങളുടെ കന്നഡ തമിഴിൽ നിന്നാണ് ജനിച്ചതെന്ന് നടൻ പറഞ്ഞു. കമലിന്റെ ഈ പ്രസ്താവനയിലാണ് കന്നഡ ജനത രോഷാകുലരായത്.
“ഇത് എന്റെ കുടുംബമാണ്. അതുകൊണ്ടാണ് അദ്ദേഹം (ശിവരാജ്കുമാർ) ഇവിടെ വന്നത്. അതുകൊണ്ടാണ് ജീവിതം, ബന്ധം, തമിഴ് എന്നിവ പറഞ്ഞുകൊണ്ട് ഞാൻ പ്രസംഗം ആരംഭിച്ചത്. നിങ്ങളുടെ ഭാഷ (കന്നഡ) തമിഴിൽ നിന്നാണ് ജനിച്ചത്, അതിനാൽ നിങ്ങളും അതിൽ ഉൾപ്പെടുന്നു (അതിന്റെ ഒരു ഭാഗമായി).”ചടങ്ങിൽ പങ്കെടുത്ത കന്നഡ നടൻ ശിവരാജ്കുമാറിനെ പരാമർശിച്ചുകൊണ്ട് കമൽഹാസൻ പറഞ്ഞു,
“എന്റെ ജീവിതവും കുടുംബവും തമിഴ് ഭാഷയാണ്” എന്നർത്ഥം വരുന്ന “ഉയിരേ ഉറവേ തമിഴെ” എന്ന വാചകത്തോടെയാണ് കമൽ ഹാസൻ തന്റെ പ്രസംഗം ആരംഭിച്ചത്.
കമൽഹാസൻ പറഞ്ഞത് ശരിയാണെന്ന് ചില തമിഴർ വാദിക്കാൻ തുടങ്ങിയതോടെ ഈ വിഷയം സോഷ്യൽ മീഡിയയിൽ വ്യാപകമായി ചർച്ച ചെയ്യപ്പെടാൻ തുടങ്ങി. ഇതിനു പകരമായി, കന്നഡ ഭാഷയുടെ ചരിത്രത്തെക്കുറിച്ച് കന്നഡക്കാർ തമിഴരെ പഠിപ്പിക്കാൻ തുടങ്ങി. കമൽഹാസന്റെ പ്രസ്താവന അംഗീകരിക്കാൻ തയ്യാറാകാത്ത അവർ ചരിത്രം ശരിയായി അറിഞ്ഞതിനുശേഷം സംസാരിക്കണമെന്ന് അഭിപ്രായപ്പെടുന്നു.
കന്നഡ അനുകൂല സംഘടനകൾ നടനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. അവർ അദ്ദേഹത്തിന്റെ സിനിമ സംസ്ഥാനത്ത് നിരോധിക്കുമെന്ന് ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ബെംഗളൂരുവിൽ അവർ പ്രതിഷേധ പ്രകടനം നടത്തുകയും അദ്ദേഹത്തിന്റെ സിനിമാ പോസ്റ്ററുകൾ കീറുകയും ചെയ്തു.
“കന്നഡയ്ക്കും കന്നഡിഗർമാർക്കും എതിരെ സംസാരിച്ചാൽ നിങ്ങളുടെ സിനിമ ഇവിടെ നിരോധിക്കേണ്ടിവരുമെന്ന് ഞങ്ങൾ നിങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നു,” കർണാടക രക്ഷണ വേദികെ നേതാവ് പ്രവീൺ ഷെട്ടി മുന്നറിയിപ്പ് നൽകി.
കമൽ ഹാസന്റെ തഗ് ലൈഫ് ജൂൺ 5 ന് തിയേറ്ററുകളിൽ എത്തും. ദേശീയ അവാർഡ് ജേതാവായ മണിരത്നവുമായി ഏകദേശം നാല് പതിറ്റാണ്ടുകൾക്ക് ശേഷം അദ്ദേഹം ഒന്നിക്കുന്ന ചിത്രമാണിത്. ഇരുവരും അവസാനമായി ഒരുമിച്ച് പ്രവർത്തിച്ചത് ‘നായകൻ’ എന്ന ചിത്രത്തിലാണ്.















