ജയ്പൂർ: പാകിസ്താന്റെ ഐഎസ്ഐ ചാരസംഘടനയ്‌ക്ക് വിവരങ്ങൾ ചോർത്തിനൽകിയ മുൻ കോൺഗ്രസ് നേതാവിന്റെ പേഴ്സണൽ അസിസ്റ്റന്റ് അറസ്റ്റിൽ. ജയ്സാൽമീർ സ്വദേശിയായ സകുർ ഖാനാണ് പിടിയിലായത്. കോൺഗ്രസ് സർക്കാരിന്റെ മുൻ മന്ത്രിയായിരുന്ന ഷാലെ മുഹമ്മദിന്റെ പേഴ്സണൽ അസിസ്റ്റാന്റാണ് ഇയാൾ. ഐഎസ്ഐയുമായി ഇയാൾക്ക് അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. പാകിസ്താനിലുള്ള ആളുകളുമായി നിരവധി തവണ ഇയാൾ ഫോണിൽ ബന്ധപ്പെട്ടിരുന്നുവെന്നും വ്യക്തമായിട്ടുണ്ട്.
ജയ്പൂർ സിഐഡിയും ഇന്റലിജൻസ് സ്പെഷ്യൽ സംഘവും ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കുറിച്ചുള്ള വിവരങ്ങൾ കണ്ടെത്തിയത്. സകുർ ഖാൻ സംസ്ഥാനത്തെ എംപ്ലോയിമെന്റ് ഓഫീസിലാണ് ജോലി ചെയ്യുന്നത്. ഓപ്പറേഷൻ സിന്ദൂർ നടക്കുന്ന സമയത്ത് ഇയാൾ ജില്ലാ കൺട്രോൾ റൂമിൽ ഡ്യൂട്ടിയിലുണ്ടായിരുന്നു.
പാകിസ്താൻ എംബസിയിലെ ഉദ്യോഗസ്ഥരുമായി ഇയാൾക്ക് അടുത്ത ബന്ധമുണ്ടെന്നാണ് കണ്ടെത്തൽ. രഹസ്യാന്വേഷണ ഏജൻസികൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഏതാനും നാളുകളായി അന്വേഷണസംഘം ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു. തുടർന്ന് സകുറിനെ കസ്റ്റഡിയിലെടുക്കുകയും ചോദ്യം ചെയ്യുകയും ചെയ്തു.
സകുറിന്റെ മൊബൈൽ ഫോൺ അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. പേരില്ലാത്ത നിരവധി നമ്പറുകൾ ഇയാളുടെ ഫോണിൽ നിന്നും കണ്ടെത്തി. പാകിസ്താനിലെ ഒരുപാട് ആളുകളുമായി ഇയാൾ സംസാരിച്ചിട്ടുണ്ടെന്നും അന്വേഷണസംഘത്തിന് വ്യക്തമായി. 6,7 തവണ പാകിസ്താൻ സന്ദർശിച്ചതായി ഇയാൾ അന്വേഷണസംഘത്തോട് വെളിപ്പെടുത്തി. ഇയാളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും സാമ്പത്തിക ഇടപാടുകളും പരിശോധിച്ചുവരികയാണ്.















