ലക്നൗ: ഏറ്റുമുട്ടലിൽ ലോറൻസ് ബിഷ്ണോയി സംഘാംഗം കൊല്ലപ്പെട്ടു. ഉത്തർപ്രദേശിലെ ഹാപൂർ കോട് വാലിയിലാണ് ഏറ്റുമുട്ടലുണ്ടായത്. ലോറൻസ് ബിഷ്ണോയി സംഘത്തിലെ പ്രധാനിയും ഷാർപ്പ്ഷൂട്ടറുമായ നവീൻ കുമാറാണ് കൊല്ലപ്പെട്ടത്. പൊലീസിന്റെ സ്പെഷ്യൽ ടാസ്ക് ഫോഴ്സും ഡൽഹി പൊലീസും നടത്തിയ സംയുക്ത തെരച്ചിലിലാണ് നവീൻ കുമാറിനെ കണ്ടെത്തിയത്.
കൊലപാതകം ഉൾപ്പെടെയുള്ള കേസുകളിലെ പ്രതിയാണ് ഗാസിയാബാദ് സ്വദേശിയായ നവീൻ കുമാർ. കഴിഞ്ഞ ദിവസം രാത്രി നടന്ന തെരച്ചിലിനിടെയാണ് സ്ഥലത്ത് ഏറ്റുമുട്ടലുണ്ടായത്. ഗുരുതരമായി പരിക്കേറ്റ നവീൻ കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെയാണ് ഇയാൾ മരിച്ചതെന്ന് മുതിർന്ന ഉദ്യോഗസ്ഥർ പറഞ്ഞു.
ഡൽഹിയിലും ഉത്തർപ്രദേശിലുമായി നവീൻ കുമാറിനെതിരെ വിവിധ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൊലപാതകം, കൊലപാതകശ്രമം, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ 20 ഓളം കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.















