വയനാട്: കൃത്രിമനിറം ചേർത്ത് നിർമ്മിച്ച ശർക്കര വിറ്റ സ്ഥാപനത്തിന് ഒരുലക്ഷം രൂപ പിഴകേ ചുമത്തി കോടതി. പുതുപ്പാടി ഈങ്ങാപ്പുഴയിൽ പ്രവർത്തിക്കുന്ന ഷാലിമാർ ട്രേഡേഴ്സ് എന്ന സ്ഥാപനത്തിനാണ് പിഴ ചുമത്തിയത്. നിരോധിത കൃത്രിമ നിറങ്ങളായ സൺസെറ്റ് യെല്ലോയും ടാർട്രാസിനും ചേർത്ത ശർക്കരയാണ് ഇവർ വിറ്റിരുന്നത്.
2018 നവംബറിൽ ഫുഡ് സേഫ്റ്റി ഓഫീസർ ഡോ. രഞ്ജിത്ത് പി ഗോപിയുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് കൃത്രിമ നിറം ചേർത്ത ശർക്കര പിടിച്ചെടുത്തത്. തുടർന്ന് ഇത് മലാപ്പറമ്പിലെ അനാലിറ്റിക്കൽ ലാബിലേക്കാണ് പരിശോധനക്ക് അയച്ചത്.
പരിശോധനയിൽ ടാർട്രാസിന്റെയും സൺസെറ്റ് യെല്ലോയുടെയും സാന്നിധ്യം കണ്ടെത്തുകയും ചെയ്തു. തുടർന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് സ്ഥാപനത്തിനെതിരെ കോടതിയിൽ കേസ് ഫയൽ ചെയ്യുകയായിരുന്നു. 2011-ലെ ഭക്ഷ്യസുരക്ഷ ഗുണനിലവാര നിയന്ത്രണങ്ങള്‍പ്രകാരം ഭക്ഷണത്തില്‍ ചേര്‍ക്കുന്ന കൃത്രിമനിറം, പ്രിസര്‍വേറ്റീവ്, കൃത്രിമമധുരം എന്നീ ഫുഡ് അഡിറ്റീവുകള്‍ക്ക് കര്‍ശന നിയന്ത്രണമുണ്ടെന്നും, ശര്‍ക്കരയില്‍ കൃത്രിമനിറം ചേര്‍ക്കാന്‍ പാടില്ലെന്നും ഭക്ഷ്യസുരക്ഷാവകുപ്പ് കോടതിയെ അറിയിച്ചു. തുടർന്നാണ് സ്ഥാപനത്തിന് പിഴയിട്ടുകൊണ്ട് കോടതി ഉത്തരവിറക്കിയത്.















