തങ്ങളുടെ ഐപിഎൽ ചരിത്രത്തിലെ നാലാമത്തെയും 2016 നുശേഷം ആദ്യത്തെയും ഫൈനലിലേക്ക് കടന്നിരിക്കുകയാണ് ആർസിബി. കഴിഞ്ഞ ദിവസം ന്യൂ ചണ്ഡീഗഡിൽ നടന്ന ആദ്യ ക്വാളിഫയറിൽ പഞ്ചാബിനെതിരെ ഏകപക്ഷീയമായ എട്ട് വിക്കറ്റ് വിജയത്തോടെയാണ് ആർസിബിയുടെ ഫൈനൽ പ്രവേശം.
ഇതിനുമുൻപ് അവസാനമായി ഫൈനലിലെത്തിയ 2016 സീസണിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനോട് എട്ട് റൺസിന് അടിയറവ് പറഞ്ഞെങ്കിൽ 2009 ഫൈനലിൽ ഡെക്കാൻ ചാർജേഴ്‌സിനോടും 2011 ൽ ചെന്നൈ സൂപ്പർ കിങ്‌സിനോടും തോറ്റുമടങ്ങി.
എന്നാൽ ഇത്തവണ പതിവിൽ നിന്നും വിപരീതമായി ടീമിനെ ഉടച്ചുവാർത്തിറങ്ങിയ ആർസിബി, ആരാധകരുടെ പ്രതീക്ഷയ്‌ക്കൊത്തുയർന്ന സീസൺ കൂടിയാണിത്. കോലിയെന്ന ഒറ്റയാൾ പട്ടാളത്തിൽ നിന്ന് മാറി ടീം ഒറ്റക്കെട്ടായി മുന്നേറുന്ന ആത്മവിശ്വാസം കളിക്കാരുടെ ശരീരഭാഷയിലും പ്രകടമാണ്. ലഖ്‌നൗ സൂപ്പർ ജയന്റസിനെതിരെ അവരുടെ അവസാന ലീഗ് മത്സരത്തിൽ കൂറ്റൻ വിജയലക്ഷ്യം ജിതേഷ് ശർമയുടെ തകർപ്പൻ ഇന്നിംഗ്‌സിന്റെ കരുത്തിലാണ് ആർസിബി മറികടന്നത്.
കഴിഞ്ഞ ദിവസം ക്വാളിഫയർ ഒന്നിലും ആ ആവേശം നിലനിർത്തി. പഞ്ചാബിനെ അവരുടെ തട്ടകത്തിൽ ചെന്ന് 101 (14.1)റൺസിന് എറിഞ്ഞൊതുക്കി പത്തോവറിൽ വിജയലക്ഷ്യം അനായാസം മറികടക്കുകയും ചെയ്തു. 27 പന്തിൽ 56 റൺസ് നേടി ഫിൽ സാൾട്ട് തിളങ്ങി. ഇനി ജൂൺ മൂന്നിന് അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ നടക്കുന്ന കലാശപ്പോരാട്ടത്തിലേക്കാണ് ആർസിബി ആരാധകരുടെ പ്രതീക്ഷ. 2008 ൽ ഐപിഎൽ ആരംഭിച്ചതിനുശേഷം ഇന്നേവരെ കപ്പുയർത്താനായില്ലെന്ന ചീത്തപ്പേര് മറികടക്കാൻ ആർസിബിയെ ഭാഗ്യം തുണയ്‌ക്കുമോയെന്ന് കണ്ടറിയാം.