എറണാകുളം: സിമന്റ് ഇഷ്ടിക തലയിൽ വീണ് യുവതി മരിച്ചു. കൊച്ചിയിൽ മുനമ്പത്താണ് സംഭവം. കൈതത്തറ സ്വദേശി ആര്യയാണ് മരിച്ചത്. ബസ് കാത്തുനിൽക്കുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് യുവതി മരിച്ചത്.
മകൾക്കൊപ്പം ബസ് കാത്തുനിൽക്കുകയായിരുന്നു ആര്യ. മുനമ്പത്ത് നിർമാണം നടന്നുകൊണ്ടിരിക്കുന്ന മൂന്ന് നില കെട്ടിടത്തിന് മുകളിൽ നിന്നാണ് ഇഷ്ടിക തറയിലേക്ക് പതിച്ചത്.
മഴ നനയാതിരിക്കാൻ വച്ചിരുന്ന ഷീറ്റിന് മുകളിലിരുന്ന ഇഷ്ടികയാണ് യുവതിയുടെ ദേഹത്തേക്ക് പതിച്ചത്. ഉടൻ ആശുപത്രിയിലെത്തിച്ച് അടിയന്തര ശസ്ത്രക്രിയ നടത്തിയിരുന്നു. ഇതിനിടെയാണ് യുവതി മരണപ്പെട്ടത്.















