തൃശൂർ: തൃശൂർ മെഡിക്കൽ കോളേജിലെ റേഡിയോളജി വകുപ്പിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ. റേഡിയോളജി വകുപ്പിനു കീഴിലുള്ള സിടി സ്‌കാന്‍, എംആര്‍ഐ സ്‌കാന്‍, അള്‍ട്രാസൗണ്ട് സ്‌കാന്‍ തുടങ്ങിയവ പരിശോധിക്കുന്നതിനും പരിശോധനാഫലം ലഭിക്കുന്നതിനും വരുന്ന കാലതാമസം സംബന്ധിച്ചാണ് അന്വേഷണം. കോലഴി സ്വദേശി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മെഡിക്കൽ കോളേജ് അധികൃതർക്കെതിരെ അന്വേഷണം നടത്താൻ മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവായത്.
കിടപ്പ് രോഗിക്ക് സി.ടി സ്കാൻ ചെയ്യണമെങ്കിൽ രണ്ടാഴ്ചയോളം കാത്തുനിൽക്കണമെന്നും ഒപി രോഗികളുടെ കാര്യത്തിൽ ഇത് മാസങ്ങളോളം എടുക്കുമെന്നും പരാതിയിൽ പറയുന്നു. സ്‌കാനിന് വിധേയരാകുന്ന രോഗികളുടെ പരിശോധനാഫലം ലഭിക്കണമെങ്കിലും വീണ്ടും ആഴ്ചകളോളം കാത്തുനിൽക്കേണ്ട അവസ്ഥയാണ്.
റേഡിയോളജി വകുപ്പിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള മെഡിക്കൽ കോളേജ് നെഞ്ചുരോഗാശുപത്രിയിലെ എംആർഐ സ്കാൻ സെന്ററിലും പരിശോധനയ്‌ക്കുള്ള തീയതികൾ ലഭിക്കാൻ തന്നെ കാലതാമസമെടുക്കുന്നു. പരിശോധനാഫലം ലഭിക്കാൻ രണ്ടാഴ്ച കാത്തിരിക്കണം. അനധികൃതമായി പണം നൽകുന്നവർക്ക് റിസൾട്ട് വേഗത്തിൽ നൽകുന്നുവെന്ന ആരോപണവും മെഡിക്കൽ കോളേജിനെതിരെ നിലനിൽക്കുന്നുണ്ട്.