ന്യൂഡെല്‍ഹി: ഇന്ത്യയുടെ പ്രതിരോധ ബജറ്റ് 2024-25 ലെ 6.8 ലക്ഷം കോടി രൂപയില്‍ നിന്ന് 2047 ആകുമ്പോഴേക്കും 31.7 ലക്ഷം കോടി രൂപയായി വളരുമെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയും (സിഐഐ) ആഗോള കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ കെപിഎംജിയും ചേര്‍ന്ന് തയാറാക്കിയ റിപ്പോര്‍ട്ട്.
രാജ്യത്തെ പ്രതിരോധ ഉല്‍പ്പാദനവും ശക്തമായ വളര്‍ച്ച കൈവരിക്കുമെന്ന് റിപ്പോര്‍ട്ട് പ്രവചിക്കുന്നു. പ്രതിരോധ ഉല്‍പ്പാദനം 2024-25 ലെ 1.6 ലക്ഷം കോടി രൂപയില്‍ നിന്ന് 2047 ആകുമ്പോഴേക്കും 8.8 ലക്ഷം കോടി രൂപയായി ഉയരുമെന്നാണ് അനുമാനം.
ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി 2.8 ലക്ഷം കോടി രൂപയായി വര്‍ധിക്കുമെന്നും ലോകത്തെ പ്രധാന ഡിഫന്‍സ് കയറ്റുമതി രാഷ്‌ട്രങ്ങളിലൊന്നായി ഇന്ത്യ മാറുമെന്നും റിപ്പോര്‍ട്ട് പറയുന്നു. നിലവില്‍ 30,000 കോടി രൂപയുടെ പ്രതിരോധ കയറ്റുമതിയാണ് ഇന്ത്യയുടേത്.
പ്രതിരോധ മേഖലയിലെ മൂലധനച്ചെലവിലും വന്‍ വര്‍ധനവുണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍. അടിസ്ഥാന സൗകര്യങ്ങള്‍ക്കും ആധുനിക ഉപകരണങ്ങള്‍ക്കുമായി ചെലവഴിക്കുന്ന തുക 27 ശതമാനത്തില്‍ നിന്ന് 40 ശതമാനമായി ഉയരാനാണ് സാധ്യത. പ്രതിരോധ മേഖലയിലെ ഗവേഷണത്തിനും വികസനത്തിനുമുള്ള ചെലവ് 4% ല്‍ നിന്ന് 8-10% വരെ ഉയരുമെന്നും പ്രതീക്ഷിക്കുന്നു. പ്രതിരോധത്തിന് അനുവദിച്ചിരിക്കുന്ന ജിഡിപിയുടെ വിഹിതം 2% ല്‍ നിന്ന് 4-5% വരെയും ഉയരും.
പ്രതിരോധത്തിനായി ഏറ്റവുമധികം തുക ചെലവഴിക്കുന്ന രാഷ്‌ട്രങ്ങളുടെ റാങ്കിംഗില്‍ 2047 ഓടെ ഇന്ത്യ മൂന്നാം സ്ഥാനത്തേക്ക് എത്തുമെന്നാണ് അനുമാനിക്കപ്പെടുന്നത്. നിലവില്‍ പ്രതിരോധ ചെലവിടലില്‍ നാലാം സ്ഥാനത്താണ് ഇന്ത്യ.
നിര്‍ണായകമായ സൈനിക സാങ്കേതികവിദ്യകള്‍ക്കായി ഇന്ത്യ ഇപ്പോഴും ഇറക്കുമതിയെ ആശ്രയിക്കുന്നത് തുടരുന്നെന്നും ഇതില്‍ നിന്ന് സ്വാശ്രയത്തത്തിലേക്ക് നീങ്ങണമെന്നും റിപ്പോര്‍ട്ട് പറയുന്നു. സങ്കീര്‍ണ്ണമായ പ്രതിരോധ സംവിധാനങ്ങളും പുതിയ സാങ്കേതിക വിദ്യകളും കൈകാര്യം ചെയ്യാനുള്ള വൈദഗ്ധ്യമുള്ള ആളുകളുടെ കുറവാണ് പ്രതിരോധ മേഖല നേരിടുന്ന മറ്റൊരു വെല്ലുവിളി. പ്രതിരോധ മേഖലയില്‍ സര്‍ക്കാരും സ്വകാര്യ സ്ഥാപനങ്ങളും തമ്മിലുള്ള ശക്തമായ പങ്കാളിത്തത്തിന്റെ പ്രാധാന്യം റിപ്പോര്‍ട്ട് ഊന്നിപ്പറയുന്നു. പ്രതിരോധ നിര്‍മ്മാണത്തിലേക്ക് സ്വകാര്യ കമ്പനികളെ ആകര്‍ഷിക്കാന്‍ പ്രോത്സാഹനങ്ങളും നയ പിന്തുണയും ആവശ്യമാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.