ദുബായ് മെട്രോ ബ്ലൂ ലൈനിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി. 2029 സെപ്റ്റംബർ ഒൻപതിനാണ് ബ്ലൂലൈനിലൂടെ ട്രെയിനുകൾ ഓടിത്തുടങ്ങുക. പത്ത് ലക്ഷം യാത്രക്കാർക്ക് ബ്ലൂ ലൈൻ പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്നാണ് വിലയിരുത്തൽ.
ദുബായ് മെട്രോ ആരംഭിച്ചതിന്റെ 20-ാം വാർഷികമായ 2029 സെപ്റ്റംബർ 9നാണ് ബ്ലൂലൈനിലൂടെ ട്രെയിനുകൾ ഓടിത്തുടങ്ങുക. 14 സ്റ്റേഷനുകളാണ് ബ്ലൂലൈനിലുളളത്. 30 കിലോമീറ്റർ ദൈർഘ്യമുളള പാതയിൽ 28 മെട്രോ ട്രെയിനുകൾ സർവീസ് നടത്തും.ബ്ലൂ ലൈൻ കൂടി പ്രവർത്തന സജ്ജമാകുന്നതോടെ ഗതാഗത തിരക്ക് 20 ശതമാനം കുറയ്‌ക്കാനാകുമെന്നാണ് പ്രതീക്ഷ.
20.9 ബില്ല്യൺ ദിർഹം ചെലവ് പ്രതീക്ഷിക്കുന്ന പാതയുടെ നിർമ്മാണ ചുമതല മാപാ, ലിമാക്, സിആർആർസി എന്നീ മൂന്ന് കമ്പനികൾക്കാണ് .മിർദിഫ്, അൽ വർഖ, ഇൻറർനാഷണൽ സിറ്റി,സിലിക്കൺ ഓയാസീസ്, അക്കാദമിക് സിറ്റി, ദുബായ് ക്രീക്ക് ഹാർബർ, ദുബായ് ഫെസ്റ്റിവൽ സിറ്റി തുടങ്ങിയ ഒമ്പത് പ്രധാന മേഖലകളെ ബന്ധിപ്പിച്ചാകും ബ്ലൂലൈൻ കടന്നുപോകുക. ദുബായ് 2040 അർബൻ മാസ്റ്റർ പ്ലാനിന്റെ ഭാഗമായാണ് പുതിയ പാത.ദുബായ് മെട്രോ ലോകത്തിലെ ഏറ്റവും നീളമേറിയ ഡ്രൈവറില്ലാ മെട്രോ ശൃംഖലയാണ്. 89.3 കിലോ മീറ്ററാണ് ദൈർഘ്യം.













