ന്യൂഡൽഹി: പാകിസ്താന്റെ ആണവഭീഷണിക്ക് മുന്നിൽ ഭാരതം ഒരിക്കലും പതറില്ലെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ഭീകരതയെ പിന്തുണക്കുകയും വളർത്തുകയും ചെയ്യുന്നവർക്ക് വലിയ മറുപടി നൽകേണ്ടത് അത്യാവശ്യമാണെന്നും ഭീകരതയോടുള്ള ഇന്ത്യയുടെ നടപടിയിൽ യാതൊരു വിട്ടുവീഴ്ചയുമില്ലെന്നും ജയശങ്കർ പറഞ്ഞു. ഗുജറാത്തിലെ വഡോദരയിൽ സ്വകാര്യ സർവകലാശാലയുടെ ബിരുദദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ഇന്ത്യ ഒരിക്കലും ആണവഭീഷണിക്ക് മുന്നിൽ ഭയപ്പെടില്ല. ദേശതാത്പര്യങ്ങൾക്ക് വേണ്ടി എന്ത് ചെയ്യേണ്ടിവന്നാലും അതൊക്കെ ചെയ്യും. പഹൽഗാമിൽ 26 കൊലപ്പെടുത്തിയതിന് ശേഷവും പാകിസ്താൻ ഇന്ത്യയ്‌ക്ക് നേരെ ആക്രമണം നടത്തിയിരുന്നു. ഓപ്പറേഷൻ സിന്ദൂറിന് മുമ്പ് തന്നെ പാക് മന്ത്രിമാരും ഉദ്യോഗസ്ഥരും ആണവഭീഷണി ഉയർത്തി. ഇന്ത്യയും മറ്റ് രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രം വ്യത്യസ്തമാണ്”.
ഭീകരതയുടെ പ്രഭവകേന്ദ്രങ്ങൾ ഇനി ഇന്ത്യൻ പ്രതിരോധന സേനയുടെ നിരീക്ഷണത്തിലായിരിക്കുമെന്നും ജയശങ്കർ വ്യക്തമാക്കി. “ആണവഭീഷണി പോലും ഇന്ത്യ വച്ചുപൊറുപ്പിക്കില്ല. 2008-ൽ മുംബൈയിൽ നടന്ന ആക്രമണത്തിന് ശേഷവും ഇന്ത്യ തിരിച്ചടിക്കണമെന്ന ആവശ്യം ശക്തമായിരുന്നു. അത് എല്ലാവരും അംഗീകരിക്കുകയും ചെയ്തതാണ്. ഇന്ന് കാലം മാറി, നമ്മുടെ ദൃഢനിശ്ചയം വളരെ ശക്തമാണ്”.
ഭീകരതയ്‌ക്കെതിരെ സ്വയം പ്രതിരോധിക്കാനുള്ള നമ്മുടെ അവകാശത്തെ മറ്റ് ലോകരാജ്യങ്ങൾ അംഗീകരിക്കുന്നത് കാണുമ്പോൾ വളരെ സന്തോഷം തോന്നുന്നുണ്ടെന്നും ജയശങ്കർ പറഞ്ഞു.