തിരുവനന്തപുരം: ഇഡി ഉദ്യോഗസ്ഥൻ പ്രതിയായ കൈക്കൂലി കേസിൽ വിജിലൻസ് അന്വേഷണം വഴിമുട്ടി. അന്വേഷണം ആരംഭിച്ച് രണ്ട് ആഴ്ചയ്‌ക്ക് ശേഷവും
ഇഡി അസിസ്റ്റൻ്റ് ഡയറക്ടർ ശേഖർ കുമാറിനെതിരെ വ്യക്തമായ തെളിവുകൾ കണ്ടെത്താൻ വിജിലൻസിന് കഴിഞ്ഞിട്ടില്ല.
അതേസമയം, പരാതിക്കാരനായ വ്യവസായി അനീഷ് ബാബുവിനെതിരായ ഇഡി കേസിന്റെ വിശദാംശങ്ങൾ ആവശ്യപ്പെട്ട് വീണ്ടും വിജിലൻസ് ഇഡിയ്‌ക്ക് കത്തയച്ചു. എൻഫോഴ്സ്മെന്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ട് (ECIR) വിവരങ്ങളും, പ്രതികൾക്ക് നൽകിയ സമൻസിന്റെ വിവരങ്ങളും കൈമാറണമെന്നാണ് ആവശ്യം.
അനീഷ് ബാബുവിനെതിരായ കേസിന്റെ വിശദാംശങ്ങൾ തേടി നേരത്തെയും വിജിലൻസ് ഇഡിയ്‌ക്ക് കത്തയച്ചിരുന്നു. പ്രതികളുടെ മൊബൈൽ ഫോണിൽ നിന്നും കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. ഇതിന് ശേഷം കേസിൽ തുടർനടപടിയെന്നാണ് വിജിലൻസ് വ്യക്തമാക്കുന്നത്. കൈക്കൂലി ആരോപണത്തിൽ ഇ ഡി ഡൽഹി സ്പെഷ്യൽ ടാസ്ക് ഫോഴ്സും അന്വേഷണം ആരംഭിച്ചിരുന്നു.
ഇഡി ഉദ്യോഗസ്ഥർക്കെന്ന പേരിൽ കൈക്കൂലി പണം വാങ്ങാനെത്തിയ വിൽസൻ, മുകേഷ്, മുഖ്യ ആസൂത്രകൻ രഞ്ജിത് വാര്യർ എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവർക്ക് ഇഡി ഉദ്യോഗസ്ഥരുമായി ബന്ധമുള്ളതായി വിജിലൻസിന് കണ്ടെത്താനായിട്ടില്ല.