വിവാഹേതര ബന്ധം സംശയിച്ച് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് വധശിക്ഷ. പരപ്പനങ്ങാടി നെടുവ ചുടലപ്പറമ്പ് പഴയകത്ത് നജ്ബുദ്ദീനെയാണ് (ബാബു-44) മഞ്ചേരി രണ്ടാം അഡീഷണൽ സെഷൻസ് ജഡ്ജി എ.വി. ടെല്ലസ് ശിക്ഷിച്ചത്. ആദ്യഭാര്യ നരിക്കുനി കുട്ടമ്പൂർ സ്വദേശി റഹീനയെ (30) കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ.2017 ജൂലൈ 23നായിരുന്നു കൊലപാതകം.
തന്റെ ഉടമസ്ഥതയിലുള്ള അറവ് ശാലയിൽ സഹായിക്കാനെന്ന വ്യാജേനയാണ് യുവതിയെ കൂട്ടിക്കൊണ്ടുവന്നത്. പിന്നീട് തർക്കം രൂക്ഷമായതോടെ മൃഗങ്ങളെ കൊല്ലുന്ന കത്തിക്ക് ഭാര്യയുടെ കഴുത്ത് അറുക്കുകയായിരുന്നു. പിറ്റേന്ന് അറവ് ശാലയിലെത്തിയ ജോലിക്കാരാണ് യുവതിയുടെ മൃതദേഹം കണ്ടത്.
കൊലയ്ക്ക് ശേഷം യുവതിയുടെ 36.43 ഗ്രാം തൂക്കം വരുന്ന സ്വർണാഭരണങ്ങളും കവർന്ന് രക്ഷപ്പെടുകയായിരുന്നു. തൃശൂർ, കോയമ്പത്തൂർ, പാലക്കാട് എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞ പ്രതി പണം ധൂർത്തടിച്ചു. വീണ്ടും പണത്തിനായി വീട്ടിലേക്ക് മടങ്ങിയെത്തുമ്പോഴാണ് പിടിയിലാവുന്നത്. 2017 ജൂലായ് 25 -നാണ് ഇയാൾ അറസ്റ്റിലായത്. റഹീനയെ 2003 ലാണ് നജുബുദ്ദീൻ വിവാഹം ചെയ്തത്. 2011 ല് മറ്റൊരു സ്ത്രീയെ പ്രതി വിവാഹം കഴിച്ചിരുന്നു.















