ദുബായ്: സംഘടിതമായി ഭിക്ഷാടനം നടത്തിയ 41പേരെ അറസ്റ്റ് ചെയ്ത് ദുബായ് പൊലീസ്. സന്ദർശക വിസയിൽ യു.എ.ഇയിൽ പ്രവേശിച്ച് ഒരു ഹോട്ടലിൽ താമസിച്ച് അവിടം തങ്ങളുടെ താവളമായി ഉപയോഗിക്കുകയായിരുന്നു ഇവർ.
60,000 ദിർഹത്തിലലധികമാണ് സംഘടിതമായി ഭിക്ഷാടനം നടത്തിയ അറബ് പൗരന്മാരിൽ നിന്ന് കണ്ടെത്തിയത്. ദുബായ് പൊലീസിലെ ജനറൽ ഡിപ്പാർട്ടമെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷനിലെ സംശയാസ്പദമായ കാര്യങ്ങളും കുറ്റകൃത്യ സംഭവങ്ങളും പരിശോധിക്കുന്ന വകുപ്പ് നടത്തിയ ‘അൽ മിസ്ബാഹ്’ സുരക്ഷാ ഓപറേഷനിലാണ് 41 പേരെ അറസ്റ്റ് നടത്തിയത്.ജപ മാലകളും അനുബന്ധ ഉപകരണങ്ങളും വിൽക്കുന്നതിനിടെ യാചന നടത്തുന്നത് കണ്ടതായി 901 കോൾ സെന്റർ വഴി ലഭിച്ച റിപ്പോർട്ടിനെ തുടർന്നാണ് ഓപറേഷൻ ആരംഭിച്ചത്. രഹസ്യ വിവരം ലഭിച്ചയുടൻ പൊലിസിലെ മോണിറ്ററിംഗ് ആൻഡ് അനാലിസിസ് വിഭാഗം സ്ഥലത്ത് നിരീക്ഷണം ആരംഭിക്കുകയും മൂന്ന് അറബ് വ്യക്തികൾ ഈ വസ്തുക്കൾ വിൽക്കുന്നതും പൊതുജനങ്ങളിൽ നിന്ന് പണം ആവശ്യപ്പെടുന്നതും കണ്ടെത്തുകയും ചെയ്തു. അവരെ സ്ഥലത്ത് വച്ചു തന്നെ അറസ്റ്റ് ചെയ്തു.
ചോദ്യം ചെയ്യലിൽ, ഒരു വലിയ സംഘടിത ഭിക്ഷാടന സംഘത്തിന്റെ ഭാഗമാണെന്ന് ഇവർ സമ്മതിച്ചു. തുടർന്ന്, ഹോട്ടൽ മാനേജ്‌മെന്റുമായി അധികൃതർ ഏകോപിതമായി നടത്തിയ നീക്കത്തിൽ അതേ രാജ്യക്കാരായ 28 പേരെ അറസ്റ്റ് ചെയ്തു. അടുത്ത ദിവസം ഹോട്ടൽ വിട്ടു പോകാൻ ശ്രമിച്ച 10 പേരെയും കൂടി പിടികൂടി.







